അട്ടപ്പാടി മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് എസ്സി, എസ്ടി ജില്ലാ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യനെ വിസ്തരിക്കുന്നത് പൂർത്തിയായി. ഇന്ന് പ്രോസിക്യൂഷൻ എഴുഹർജികൾ കൂടി നൽകി.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കവറിംഗ് ലെറ്ററോടെ ഹാജരാക്കിയ പോസ്റ്റ് മോർട്ടത്തിന്റെ വീഡിയോ ദൃശ്യമടങ്ങിയ മെമ്മറി കാർഡ് ഹാജരാക്കിയ എഎസ്പി ഷാഹുൽ ഹമീദിനെയും ദൃശ്യങ്ങൾ പകർത്തിയ വീഡിയോഗ്രഫറെയും പുതിയ സാക്ഷികളാക്കി വിസ്തരിക്കണമെന്നാവശ്യപ്പെട്ടാണ് ഒന്നാമത്തെ ഹർജി. ഇരുവർക്കും സമൻസ് അയക്കണമെന്നും വീഡിയോഗ്രാഫറെകൊണ്ട് 65 ബി സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാവശ്യപ്പെട്ടാണ് രണ്ടാമത്തെ ഹർജി.
മധുവിന്റെയും പ്രതികളുടെയും ദൃശ്യങ്ങൾ പകർത്തിയ വീഡിയോഗ്രാഫർ, ഇൻക്വസ്റ്റിന്റെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ, ഇൻക്വസ്റ്റിന്റെ ദൃശ്യം പകർത്തിയ വീഡിയോഗ്രാഫർ, സ്ഥലത്തിന്റെ മഹസർ വീഡിയോ പകർത്തിയ വീഡിയോഗ്രാഫർ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാവശ്യപ്പെട്ട് നാല് ഹർജികളും നൽകി. പ്രതിഭാഗം കൗണ്ടർ പെറ്റീഷനും സമയം ചോദിച്ചിട്ടുണ്ട്. ഹർജികൾ കോടതി 28 ന് പരിഗണിക്കും.