ആഗസ്‌ത് ഒന്നുമുതൽ ഡിസംബർ 12വരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ശേഖരിച്ച 53.32 കോടി ആധാർ വിവരം വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചില്ല. 2023 ഏപ്രിൽ ഒന്നിനു മുമ്പ് വിവരങ്ങൾ ബന്ധിപ്പിക്കണമെന്ന് നിർദേശിച്ചിട്ടും എന്തുകൊണ്ടാണ് നടപടി തുടങ്ങാത്തതെന്നും വിശദീകരിക്കാനാവാതെ കമീഷൻ. ശേഖരിച്ച വിവിരങ്ങൾ എവിടെയാണ് സൂക്ഷിക്കുകയെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിൽ കമീഷൻ വ്യക്തമാക്കിയില്ല. രാജ്യത്താകെ 92 കോടി വോട്ടർമാരുണ്ട്.
കഴിഞ്ഞവർഷം പാർലമെന്റ് പാസാക്കിയ നിയമഭേദഗതി പ്രകാരമായിരുന്നു ആധാർ വിവരശേഖരണം. സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ച നിർദേശത്തിൽ വോട്ടർമാർ സ്വമേധയാ ആണ് ആധാർ വിവരം നൽകേണ്ടതെന്ന് പറഞ്ഞിട്ടുണ്ടെന്നും മറുപടിയിലുണ്ട്.
എന്നാൽ, ആധാർ ബന്ധിപ്പിക്കാത്തവർ വോട്ടർ പട്ടികയിൽനിന്ന് പുറത്താകില്ലെന്ന് വെള്ളിയാഴ്‌ച ലോക്‌സഭയിൽ കേന്ദ്രനിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു. യുഐഡിഎഐ മാർഗനിർദേശമനുസരിച്ച് ആധാർ വിവരശേഖരത്തിലാണ് ഇവ സൂക്ഷിക്കുക. തെരഞ്ഞെടുപ്പ് കമീഷന്റെ ഡാറ്റബേസിൽ അല്ലാത്തതിനാൽ വ്യക്തിവിവരങ്ങൾ കമീഷന് എടുക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.