പേരാവൂർ: സർവ മേഖലയിലും വിലക്കയറ്റമുണ്ടാകുമ്പോൾ റബറിനു മാത്രം വിലയില്ല. റബർ മേഖലയെ ആശ്രയിച്ച് കഴിയുന്നവർ കടുത്ത പ്രയാസത്തിലാണ്. വിലയിടിവ് ബാധിച്ചതോടെ ചെറുകിട തോട്ടങ്ങളിലെ ടാപ്പിങ് നിലക്കുകയാണ്. വിലയിടിവ് തുടരുന്നതിനാൽ വൻകിട തോട്ടങ്ങളിൽ ഉൽപാദനം തുടങ്ങിയതുമില്ല.
ലാറ്റക്സിന് 86 രൂപയും ഷീറ്റിന് 136 രൂപയും ഒട്ടുപാലിന് 74 രൂപയുമാണ് നിലവിലെ വില. വിലസ്ഥിരത പദ്ധതിപ്രകാരം സബ്സിഡികൂടി ലഭിക്കുമ്പോൾ ഷീറ്റിന് 170 രൂപ വരെ വില ലഭിക്കുമെങ്കിലും വിതരണം മാസങ്ങളായി മുടങ്ങി. വിലയിലെ വൻ ചാഞ്ചാട്ടം കൃഷിക്കാർക്ക് പ്രതിസന്ധി രൂക്ഷമാക്കി.
കാലാവസ്ഥ വ്യതിയാനവും വിലയിടിവുമാണ് കർഷകരെ വിഷമവൃത്തത്തിലാക്കിയത്. വിലയിടിവ് തുടർന്നാൽ ക്രിസ്മസ്-നവവത്സരാഘോഷത്തിന്റെ മാറ്റും കുറയും. കർഷകർക്ക് ആശ്വാസമായി വിലസ്ഥിരത പദ്ധതിപ്രകാരം മുടങ്ങിക്കിടക്കുന്ന സബ്സിഡി തുക വിതരണം നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.