25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബഫർസോൺ: വിമർശനം രൂക്ഷം; ഉത്തരംമുട്ടി സർക്കാർ
Kerala

ബഫർസോൺ: വിമർശനം രൂക്ഷം; ഉത്തരംമുട്ടി സർക്കാർ

ബഫർ സോണിലെ ജനവാസ മേഖല സംബന്ധിച്ച ഉപഗ്രഹ സർവേയുടെ പ്രാഥമിക റിപ്പോ‍ർട്ടിനെപ്പറ്റി കർഷകരും ജനങ്ങളും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഇന്നലെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ പ്രതികരണം. റിപ്പോർട്ട് പൂർണമല്ലെന്നും അപാകതകളുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഭൂരേഖ‍കൾ കൂടി പരിശോധിച്ച് അതിസൂക്ഷ്മമായി നടത്തേണ്ട സർവേ‍യെക്കുറിച്ചു തുടക്കം മുതൽ ആരോപണങ്ങളും പരാതിയും ഉയർന്നിരുന്നു. വനംവകുപ്പ് അതു ഗൗരവത്തിലെടുത്തു പോരായ്മകൾ പരിഹരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു.

സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ ജൂൺ മൂന്നിനു സുപ്രീം കോടതി നിർദേശിച്ചെങ്കിലും 10 ദിവസത്തിനു ശേഷമാണു വനം വകുപ്പിൽ ഇതിനായുള്ള ആലോചന തുടങ്ങിയത്. സർവേ സംബന്ധിച്ചു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ അഭിപ്രായഭിന്നത പിന്നെയും കാര്യങ്ങൾ വൈകിപ്പിച്ചു. ഒടുവിൽ കെഎസ്ആർഇസിയെ ഏൽപിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരത്തെ നെയ്യാർ, തൃശൂരിലെ പീച്ചി – വാഴാനി വന്യജീവി സങ്കേതങ്ങ‍ളെക്കുറിച്ചു പരീക്ഷണാർഥം സർവേ നടത്തിയ ശേഷം തീരുമാനിക്കാമെന്ന് അവിടെനിന്ന് അറിയിച്ചു. സർവേ നടത്താൻ ജൂലൈ 11നു ധാരണയാകുമ്പോഴേക്കും കോടതി ഉത്തരവിട്ട് ഒരു മാസവും 8 ദിവസം കഴിഞ്ഞിരുന്നു. സർക്കാർ ഉത്തരവി‍റങ്ങാൻ പിന്നെയും വൈകി. സർവേ നടത്താൻ കെഎസ്‍ആർഇസിക്കു വനം വകുപ്പ് 50 ദിവസമാണ് അനുവദിച്ചത്. 42 ദിവസത്തിനകം സെന്റർ റിപ്പോർട്ട് നൽകി. 22 സംരക്ഷിതവന മേഖലകളിൽ 14 എണ്ണത്തിന്റെ സർവേ പൂർത്തിയാക്കിയത് വെറും 16 ദിവസം കൊണ്ടാണ്. തിരക്കിട്ടു നടത്തിയ സർവേയിലെ പിഴവുകൾ പരിശോധിച്ചു തിരുത്താൻ വനം വകുപ്പും ശ്രമിച്ചില്ല. കെഎസ്ആർഇസി ഓഗസ്റ്റ് 29നു നൽകിയ റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത് ഈ മാസം 12നു മാത്രമാണ്. അപ്പോഴേക്കും കോടതി തീരുമാനം വന്ന് ആറുമാസം കഴിഞ്ഞിരുന്നു. ഇത്രയും വച്ചുതാമസിപ്പിച്ചതിനും വനംവകുപ്പിന് ഉത്തരമില്ല. റിപ്പോർട്ട് പുറത്തായതോടെ, കർഷകരും ജനങ്ങളും അതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയും ആശങ്കകൾ പങ്കുവച്ചും രംഗത്തെത്തിയതോടെ സർക്കാർ പ്രതിരോധ‍ത്തിലുമായി.

ഒരു റിപ്പോർട്ടും നൽകാതെ വിദഗ്ധ സമിതി

ഓഗസ്റ്റ് 29നു കെഎസ്‍ആർഇസി മുഖ്യമന്ത്രി പിണറായി വിജയൻ മുൻപാകെ പ്രാഥമിക റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നു മനസ്സിലാക്കിയ മുഖ്യമന്ത്രി, നേരിട്ടു സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകാനും അതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും നിർദേശിച്ചു. ഇതനുസരിച്ചാണ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ചെയർമാനായി വിദഗ്ധസമിതി രൂപീകരിച്ചത്. ഒരു മാസത്തിനകം ഇടക്കാല റിപ്പോ‍ർട്ടും 3 മാസത്തിനകം അന്തിമ റിപ്പോ‍ർട്ടും നൽകാനാണ് നിർദേശിച്ചതെങ്കിലും ഇതുവരെ ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. സമിതിയുടെ 3 മാസ കാലാവധി 2 മാസം കൂടി നീട്ടിനൽകി. പ്രതിമാസം 1.15 ലക്ഷം രൂപയാണു സമിതി ചെയർമാന്റെ പ്രതിഫലം.

കുറ്റമറ്റ റിപ്പോർട്ട് നൽകാനാകും: മുഖ്യമന്ത്രി

കണ്ണൂർ ∙ ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കു സ്വൈരജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണു സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിട്ടില്ലെന്നു ബോധ്യമായി. വിദഗ്ധ സമിതി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

എല്ലാവരുടെയും പങ്കാളിത്തത്തോടെ കുറ്റമറ്റ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാകും. എന്നാൽ, ഇതൊന്നുമല്ല നടക്കുന്നതെന്നു വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നു. അവരുടെ ഉദ്ദേശ്യങ്ങൾക്ക് അനുസരിച്ചല്ല സർക്കാർ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു: മന്ത്രി

കോഴിക്കോട് / തിരുവനന്തപുരം ∙ പരാതികൾ പരിഹരിച്ച ശേഷമുള്ള ശുദ്ധീകരിച്ച റിപ്പോർട്ടാകും കോടതിയിൽ സമർപ്പിക്കുകയെന്ന് ഇന്നലെ രാവിലെ മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട്ടു പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടാകും നൽകുകയെന്നു പ്രതിപക്ഷം ഉൾപ്പെടെ പ്രചരിപ്പിക്കുകയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.

‘‘സർവേയിൽ അപാകതയ്ക്കു സാധ്യതയുണ്ടെന്നു സർക്കാരിനറിയാം. അതുകൊണ്ടാണു പരാതികൾ പരിഹരിക്കാൻ ജുഡീഷ്യൽ സ്വഭാവമുള്ള സമിതിയെ നിയോഗിച്ചത്. ഈ സമിതി പരാതികൾ പരിഹരിച്ച ശേഷമുള്ള ശുദ്ധീകരിച്ച റിപ്പോർട്ടാകും കോടതിയിൽ സമർപ്പിക്കുക’’– മന്ത്രി പറഞ്ഞു.

ഇതിൽ വ്യക്തത തേടാനായി പിന്നീട് ഫോണിൽ വിളിച്ചപ്പോഴാണ് മന്ത്രി തിരുത്തിയത്. ‘‘ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാതി‍രിക്കാൻ കഴിയില്ല.

വിദഗ്ധസമിതി റിപ്പോർട്ടി‍നാണു മുൻഗണന. ഉപഗ്രഹ സർവേ റിപ്പോർട്ട് ഇതുവരെ കോടതിയിൽ കൊടുത്തിട്ടില്ല എന്നു പറഞ്ഞതു മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണ്. കോടതി നടപടികൾ മുന്നോട്ടുപോകുന്ന മുറയ്ക്ക് കേരളത്തിന്റെ വാദങ്ങൾ ശക്തിപ്പെടുത്താൻ വേണ്ടതെല്ലാം സർക്കാർ ചെയ്യും’’– മന്ത്രി പറഞ്ഞു.

Related posts

സംസ്ഥാനത്ത് കാട്ടുതീ തീവ്ര‍മാകും

Aswathi Kottiyoor

വനിതാ ശിശു വികസന വകുപ്പ് കുട്ടികൾക്കായി ഹെൽപ്പ്‌ലൈൻ ഒരുക്കുന്നു

Aswathi Kottiyoor

വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കരുത്; ബസ് കണ്‍സഷന്‍ വിഷയത്തില്‍ ഹൈക്കോടതി –

Aswathi Kottiyoor
WordPress Image Lightbox