22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബഫർസോൺ : റിപ്പോർട്ട് സാവകാശം ; ഉന്നതതല യോഗം ഇന്ന്‌
Kerala

ബഫർസോൺ : റിപ്പോർട്ട് സാവകാശം ; ഉന്നതതല യോഗം ഇന്ന്‌

സുപ്രീംകോടതി വിധിപ്രകാരം സംരക്ഷിത വനത്തിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിശ്ചയിക്കുന്നതിന്‌ കേരളം നേരിടുന്ന പ്രയാസങ്ങൾ കേസ്‌ പരിഗണിക്കുന്നതിനുമുമ്പുതന്നെ സർക്കാർ കോടതിയിൽ സമർപ്പിക്കും. ജനങ്ങളുടെ പരാതി കേട്ട്‌ അതിന്റെകൂടി അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ട്‌ തയ്യാറാക്കാൻ സാവകാശം തേടും. അതടക്കം പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്‌ ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗത്തിൽ റവന്യു, വനം, തദ്ദേശ മന്ത്രിമാരും ചീഫ്‌ സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഉപഗ്രഹ സർവേ സംബന്ധിച്ച ആശങ്കകൾ പരിഹരിച്ച്‌ ഫീൽഡ്‌ സർവേ ഉടൻ പൂർത്തിയാക്കാനുള്ള നടപടി യോഗം തീരുമാനിക്കും. മലയോരമേഖലയിലെ ആശങ്കകളും പരിഹരിക്കും. ബഫർസോണുമായി ബന്ധപ്പെട്ട്‌ തെറ്റിദ്ധാരണയ്‌ക്കും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള നീക്കം ഒരുവശത്ത്‌ നടക്കുന്നുണ്ട്‌. ഈ സാഹചര്യത്തിൽ ശരിയായ വിവരം ജനങ്ങൾക്ക്‌ കൈമാറുന്നത്‌ എങ്ങനെ എന്നത്‌ സംബന്ധിച്ച്‌ ആലോചിക്കും. 30നകം വിദഗ്‌ധ സമിതി റിപ്പോർട്ട്‌ നൽകാനാണ്‌ സുപ്രീംകോടതി നിർദേശം. ജനുവരി 11ന്‌ കേസ്‌ എടുക്കാനാണ്‌ സാധ്യത.

പരിസ്ഥിതിലോല മേഖല സംബന്ധിച്ച റിപ്പോർട്ട്‌ നൽകുന്നതിന്‌ സർക്കാർ നിയോഗിച്ച ജസ്റ്റിസ്‌ തോട്ടത്തിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയും ചൊവ്വാഴ്‌ച യോഗം ചേരുന്നുണ്ട്‌. ഫീൽഡ്‌ സർവേയടക്കം നടത്തി മേഖലയിലെ നിർമാണങ്ങളുടെ പൂർണമായ വിവരങ്ങൾ ശേഖരിക്കാനും ജനങ്ങളുടെ പരാതി കേൾക്കാനുമുള്ള തീരുമാനം യോഗത്തിലുണ്ടാകും. പരാതി കേൾക്കാൻ 15 ദിവസവും റിപ്പോർട്ട്‌ തയ്യാറാക്കാനുൾപ്പെടെ സമിതിയുടെ കാലാവധി രണ്ടുമാസവും നീട്ടാനാണ്‌ ആലോചന. ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ളതടക്കം ഇടക്കാല റിപ്പോർട്ടായി പരിഗണിച്ച്‌ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാനുള്ള സാവകാശം ചോദിക്കാനാണ്‌ സർക്കാർ ആലോചിക്കുന്നത്‌. മറ്റു സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഒരു റിപ്പോർട്ടും തയ്യാറാക്കിയിട്ടില്ലെന്നതും കേരളത്തിന്‌ സഹായകരമാകും.

പ്രതിപക്ഷം കർഷകരെ വഞ്ചിക്കുന്നു എ കെ ശശീന്ദ്രൻ
ബഫർസോൺ വിഷയത്തിൽ പ്രതിപക്ഷമാണ്‌ കർഷക വഞ്ചന നടത്തുന്നതെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മലയോരകർഷകരെ തെറ്റിദ്ധരിപ്പിച്ച്‌ ആശങ്കയിലാക്കുകയാണ്‌. വഴിയിൽ കിട്ടുന്ന ഏത്‌ വടിയെടുത്തും സർക്കാരിനെ അടിക്കാനാണ്‌ ശ്രമം. അതിന്‌ കർഷകരെ ബലിയാടാക്കരുത്‌.
കൽപ്പറ്റയിൽ കേരള ഫോറസ്‌റ്റ്‌ പ്രൊട്ടക്ടീവ്‌ സ്‌റ്റാഫ്‌ അസോസിഷേൻ (കെഎഫ്‌പിസിഎ) സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സർക്കാരും വനംവകുപ്പും കർഷകർക്കൊപ്പമാണ്‌. ജനവാസ മേഖലകളെ പൂർണമായും പരിസ്ഥിതി ലോലമേഖലയിൽ നിന്നൊഴിവാക്കണമെന്നതാണ്‌ നിലപാട്‌.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത്‌ എംഎൽഎമാരായിരുന്ന വി ഡി സതീശൻ, ടി എൻ പ്രതാപൻ, എൻ ഷംസുദ്ദീൻ എന്നിവർ ചെയർമാൻമാരായ മൂന്ന്‌ സബ്കമ്മിറ്റികൾ 12 കിലോമീറ്റർ ബഫർസോൺ നിശ്ചയിക്കണമെന്നാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. ഇപ്പോൾ സർക്കാരിനെതിരെ വിരൽചൂണ്ടുന്ന പ്രതിപക്ഷ നേതാവ്‌ ഇത്‌ ഓർക്കുന്നത്‌ നന്നാകുമെന്നും മന്ത്രി പറഞ്ഞു.

മുതലെടുപ്പുമായി 
പ്രതിപക്ഷം
ബഫർസോൺ പ്രശ്‌നത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടുമ്പോഴും വിഷയം സർക്കാരിനുനേരെ തിരിക്കാൻ പ്രതിപക്ഷ ശ്രമം. സംരക്ഷിത പ്രദേശത്തിനു ചുറ്റുമുള്ള ഒരു കിലോമീറ്ററിന്റെ ഉപഗ്രഹചിത്രം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്‌ സുപ്രീംകോടതിയാണെന്ന്‌ മറച്ചുവച്ചാണ്‌ പ്രചാരണം. തെറ്റിദ്ധാരണ പരത്തി സാധാരണക്കാരുടെ ഇടയിൽ ആശങ്ക പരത്തുകയാണ്‌ ലക്ഷ്യം. ചില മാധ്യമങ്ങളും എരിതീയിൽ എണ്ണയൊഴിക്കാൻ ഇവർക്കൊപ്പമുണ്ട്‌. ഉപഗ്രഹചിത്രമോ ഡ്രോൺ വഴി പകർത്തിയതോ സമർപ്പിക്കണമെന്നാണ്‌ കോടതി ഉത്തരവിട്ടത്‌. എന്നാൽ, ജനവാസമേഖലയുടെ പരിപൂർണ വിവരം ഉൾക്കൊള്ളിച്ച റിപ്പോർട്ട്‌ സമർപ്പിക്കാനാണ്‌ സർക്കാർ തീരുമാനം. ഉപഗ്രഹ– -ഡ്രോൺ ചിത്രങ്ങളിൽ നിഴലും മരവുമുള്ളിടത്തെ വീടുകളും സ്ഥാപനങ്ങളും പതിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്‌.

ഇതിനായി ജനങ്ങളിൽനിന്ന്‌ നേരിട്ട്‌ പരാതി സ്വീകരിക്കാനും ഫീൽഡ്‌ സർവേ നടത്താനും തീരുമാനിച്ചു. ഉപഗ്രഹചിത്രം വഴി തയ്യാറാക്കിയ മാപ്പ്‌ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിനുശേഷമാണ്‌ പരാതി സ്വീകരിച്ചത്‌. ജനവാസകേന്ദ്രങ്ങൾ സംരക്ഷിക്കണമെന്നും ബഫർസോണിന്റെ പേരുപറഞ്ഞ്‌ ആരെയും കുടിയിറക്കാൻ ഇടവരരുതെന്നും നിർബന്ധമുള്ളതുകൊണ്ടാണ് ഇത്‌.

മുഖ്യമന്ത്രിതന്നെ ഉന്നതതല യോഗം വിളിച്ച്‌ ആശങ്ക പരിഹരിക്കാനുള്ള നടപടിയുമായി. സർക്കാർ ഇങ്ങനെയെല്ലാം ഇടപെടുമ്പോഴാണ്‌ തരംതാണ രാഷ്‌ട്രീയതാൽപ്പര്യം മുൻനിർത്തി ചിലർ രംഗത്തുവരുന്നത്‌.

Related posts

വർക്ക് നിയർ ഹോം പദ്ധതി ഒഴിവാക്കി അനുവദിച്ച 3 കോടി വകമാറ്റി.

Aswathi Kottiyoor

സിഎസ്‌ബി ബാങ്ക്‌ : പരിഹാരമില്ലെങ്കിൽ മാർച്ച്‌ മുതൽ അനിശ് ചിതകാല പണിമുടക്ക്‌

Aswathi Kottiyoor

ഡ്രൈവിംഗ് ലൈസൻസ്: മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം

Aswathi Kottiyoor
WordPress Image Lightbox