കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കൃത്യമായ വിവരങ്ങൾ ലഭിക്കാമെന്നിരിക്കെ ഉപഗ്രഹ സർവേ നടത്തിയതിനു പിന്നിൽ നിഗൂഢ ലക്ഷ്യമുണ്ടെന്ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ.
ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് മൂന്നു മാസം പൂഴ്ത്തിവച്ചെന്നും ബിഷപ് ചോദിച്ചു. ബഫർ സോൺ പ്രഖ്യാപനത്തിന്റെ ഭാഗമായി സർക്കാർ പുറത്തുവിട്ട ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പ്രതിഷേധിച്ച് കേരള കർഷക അതിജീവന സംയുക്ത സമിതി സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കൂരാച്ചുണ്ടിൽ നടന്ന സമര പ്രഖ്യാപന പ്രതിഷേധ മഹാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
വിഷയത്തിൽ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള കർഷക ആഭിമുഖ്യം എന്തുകൊണ്ട് കേരളത്തിലെ ജനപ്രതിനിധികൾ സ്വീകരിക്കുന്നില്ല. വനം ഉദ്യോഗസ്ഥരോട് ഉറപ്പായി പറയുന്നു;നമ്മുടെ വസ്തുവകകൾ മോഷ്ടിക്കാൻ പരിശ്രമിക്കുകയാണെങ്കിൽ അടങ്ങിയിരിക്കുകയില്ല. ബഫര്‍ സോണ്‍ ഈ രീതിയില്‍ നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ നാം ഒന്നിച്ചു നിൽക്കണം. കേരളത്തിലെ 62 കർഷകസംഘടനകൾ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതിനെതിരേ പോരാടണമെന്നുള്ളത്. എന്നാൽ സ്വതന്ത്രസംഘടനകൾ ലക്ഷ്യത്തിലെത്താൻ വ്യാമോഹിക്കുന്നുണ്ട്. അവർ കർഷക സ്നേഹികളല്ല, കർഷകദ്രോഹികളാണെന്നും കർഷകരെ ഒറ്റുകൊടുക്കുന്നവരാണെന്നും ബിഷപ് പറഞ്ഞു. സംയുക്ത സമിതി ജില്ലാ ചെയർമാൻ മോൺ.ജോൺ ഒറവുങ്കര അധ്യക്ഷത വഹിച്ചു.
ജോയി കണ്ണഞ്ചിറ അതിജീവന അവകാശ പ്രതിജ്ഞചൊല്ലിക്കൊടുത്തു. ഡോ.ചാക്കോ കാളംപറമ്പിൽ വിഷയം അവതരിപ്പിച്ചു. ഫാ. വിൻസെന്റ് കണ്ടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബാബു പൂതംപാറ, ഒ.കെ. അമ്മദ്, ആന്റണി വിൻസെന്റ്, സുമിൻ നെടുങ്ങാടൻ, ഫാ. മിൽട്ടൺ മുളങ്ങാശേരി, ഫാ. ജോൺസൺ പാഴുക്കുന്നേൽ, കെ.എ. ജോസുകുട്ടി, ബേബി കാപ്പുകാട്ടിൽ, രാജീവ് തോമസ്, ബാബു പുതുപറമ്പിൽ, ബാബു പൈകയിൽ, സണ്ണി പാരഡൈസ്, കുഞ്ഞമ്മദ് പെരിഞ്ചേരി, സെമിലി സുനിൽ, ബോണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.