കേരള ടൂറിസത്തിന് ലഭിച്ച ഇന്ത്യാ ടുഡേ അവാർഡ്, വകുപ്പിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ. കോവിഡാനന്തര ടൂറിസം പ്രവർത്തനമികവിനാണ് ഇത്തവണ അംഗീകാരം. നേരത്തെ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനം ലണ്ടൻ വേൾഡ് ട്രേഡ് മാർട്ടിൽ അംഗീകരിക്കപ്പെട്ടു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിയായ ‘വാട്ടർ സ്ട്രീറ്റ്’ ജലസംരക്ഷണമേഖലയിൽ മികച്ച പദ്ധതിയായി. ലോകത്ത് കാണേണ്ട 50 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണെന്ന് ടൈം മാഗസിൻ അടയാളപ്പെടുത്തി. ട്രാവൽ പ്ലസ് ലിഷർ വായനക്കാർ തെരഞ്ഞെടുത്ത മികച്ച വെഡിങ് ഡെസ്റ്റിനേഷനും കേരളമാണ്.
വിപുല പ്രചാരണപദ്ധതി
ഓണാഘോഷം വിപുലമാക്കി. കാരവാൻ ടൂറിസം, ഫാം ടൂറുകൾക്ക് തുടക്കമിട്ടു. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാംപതിപ്പ് സഞ്ചാരികൾക്ക് വലിയ ആവേശമായി. മലബാർ റിവർ ഫെസ്റ്റിവൽ പുനരാരംഭിച്ചു. ലോക ട്രേഡ് മാർട്ട്, മിലാൻ ട്രേഡ് ഫെയർ, എടിഎം ദുബായ് മേളകളിൽ തിളങ്ങി. ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ട് 10 സംസ്ഥാനത്ത് പ്രചാരണം സംഘടിപ്പിച്ചു.
കാലംമാറി ടൂറിസം മേഖലയും
ലോകത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള പദ്ധതികളാണ് കേരള ടൂറിസം ഏറ്റെടുക്കുന്നത്. വഴികാട്ടാൻ വെർച്വൽ ട്രാവൽ ഗൈഡ് തുറന്നു. സഞ്ചാരകേന്ദ്രങ്ങളെ കേരള ടൂറിസം മൊബൈൽ ആപ് പരിചയപ്പെടുത്തുന്നു. വിവരങ്ങൾ ലഭ്യമാക്കാൻ വാട്സാപ് ചാറ്റ് ബോട്ട് ‘മായ’ ആരംഭിച്ചു. ഗോത്രജനതയുടെ വൈവിധ്യങ്ങളുമായി ‘എൻ ഊര്’ ഗോത്രപൈതൃക ഗ്രാമം വയനാട്ടിൽ ആരംഭിച്ചു. പൈതൃക ടൂറിസം, മുസരിസ് ടൂറിസം പദ്ധതികൾ വ്യാപിപ്പിക്കുന്നു. അനന്തപുരിയിലെ ഹെറിറ്റേജ് കെട്ടിടങ്ങൾക്ക് ദീപാലങ്കാരമൊരുക്കി. ആക്കുളത്ത് സാഹസികവിനോദ കേന്ദ്രമായി. സ്ത്രീ യാത്രികർക്കായി വിനോദ സഞ്ചാരപദ്ധതി തുടങ്ങി. സ്ത്രീസൗഹൃദ ടൂറിസം ശൃംഖല, നൈറ്റ് ലൈഫ് ആസ്വാദനപദ്ധതികൾക്ക് തുടക്കമാകുന്നു. ലിറ്റററി സർക്യൂട്ടുകളും ഒരുങ്ങുന്നു.