ജലാശയങ്ങളിൽ വീണുണ്ടാകുന്ന മരണങ്ങളെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനാൽ പതിനായിരക്കണക്കിനു കുടുംബങ്ങൾക്കു നഷ്ടപരിഹാരം ലഭിക്കുന്നില്ല. മറ്റ് ഒട്ടുമിക്ക ദുരന്തങ്ങളും ദുരന്ത നിവാരണ നിധിയിൽ നിന്നു നഷ്ടപരിഹാരം ലഭിക്കാൻ കഴിയുന്ന തരത്തിൽ ഭേദഗതി വരുത്തിയപ്പോഴും സംസ്ഥാനത്തെ നദിയിലും പുഴകളിലും കുളത്തിലും വെള്ളക്കെട്ടിലും വീണു മരിക്കുന്നവരെ ഇതിൽ ഉൾപ്പെടുത്താത്തിനാൽ പതിനായിരക്കണക്കിനു കുടുംബങ്ങൾക്കാണു നഷ്ടപരിഹാരം അകലെയാകുന്നത്.
കഴിഞ്ഞ അറുവർഷത്തിനിടെ സംസ്ഥാനത്ത് 10,451 പേർ മുങ്ങി മരിച്ചതായാണു വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ തന്നെ വ്യക്തമാക്കുന്നത്. ഇതിൽ 2,282 പേർ ആത്മഹത്യചെയ്തവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ മറ്റുള്ള 8,169 പേർ ജലാശയങ്ങളിൽ കാൽവഴുതി വീണത് അടക്കമുള്ള പലവിധ കാരണങ്ങളാൽ ജീവിതം നഷ്ടമായതായാണു ചൂണ്ടിക്കാട്ടുന്നത്. ഇവരിൽ ചുരുക്കം ചിലരുടെ കുടുംബത്തിനു മാത്രമാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു സഹായം ലഭിച്ചത്.
എംപിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭയിൽ കൊണ്ടുവന്നാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇവരിൽ ചിലരുടെ കുടുംബത്തിനു തുച്ഛമായ നഷ്ടപരിഹാരം നൽകിയിട്ടുള്ളത്. എന്നാൽ, ഒഡീഷ പോലുള്ള സംസ്ഥാനങ്ങൾ, ജലാശയങ്ങളിൽ വീണുണ്ടാകുന്ന മരണവും ദുരന്തനിവാരണ നിയമ പ്രകാരം നഷ്ടപരിഹാരത്തിന് അർഹമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നാലു ലക്ഷം രൂപ നഷ്ടപരിഹാരത്തുകയും നിശ്ചയിച്ചിട്ടുണ്ട്.
കേരളത്തിൽ ദുരന്ത പ്രതികരണ അഥോറിറ്റിയടക്കം പ്രത്യേക സംവിധാനമുണ്ടായിട്ടും മുങ്ങിമരണങ്ങളെ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനോ നഷ്ടപരിഹാര വ്യവസ്ഥകളിൽ ഉൾപ്പെടുത്താനോ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന വ്യാപകമായ പരാതികളും ഉയരുന്നു.
സംസ്ഥാനത്തു ജലാശയങ്ങളിലുണ്ടായ അപകടങ്ങളിൽ 2016 മുതൽ 2022 വരെ ഏറ്റവും കൂടുതലുണ്ടായത്, എറണാകുളത്തും തൃശൂരുമാണ്. ഇക്കാലയളവിൽ മുങ്ങിമരണങ്ങൾ കുറവു സംഭവിച്ചത് വയനാട് ജില്ലയിലാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.