കണ്ണൂർ: ക്രിസ്മസ് ആഗതമായതോടെ വിപണി സജീവമായി. നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീയും സാന്താ ക്ലോസ് വസ്ത്രങ്ങളും കേക്കുകളും വിപണിയിൽ നിറഞ്ഞുകഴിഞ്ഞു. കോവിഡിന് ശേഷമുള്ള വിപണിയായതിനാൽത്തന്നെ ന്യൂജെൻ കുട്ടികളെ ആകർഷിക്കാനുള്ള നക്ഷത്രങ്ങളാണ് വിപണിയിൽ ഇടം പിടിച്ചിരിക്കുന്നത്.
പഴമയെ ഓർമപ്പെടുത്തുന്ന രീതിയിലുള്ള പേപ്പർ നക്ഷത്രങ്ങളാണ് ഇത്തവണയും വിപണിയിലെ താരം. കൂടാതെ “പുലിമുരുകൻ’ പോലുള്ള എൽഇഡി നക്ഷത്രങ്ങളുമുണ്ട്. 45 രൂപ മുതലുള്ള പേപ്പർ നക്ഷത്രങ്ങൾ വിപണിയിലുണ്ട്. മറ്റു നക്ഷത്രങ്ങൾക്ക് 120 രൂപ മുതൽ 600 വരെയാണ് വില. 300 മുതൽ 600രൂപ വരെ വില വരുന്ന എൽഇഡി നക്ഷത്രങ്ങളും വിപണിയിലുണ്ട്.
150 രൂപയുടെ എൽഇഡി നക്ഷത്രങ്ങളാണ് കൂടുതൽ വിറ്റഴിയുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നക്ഷത്രങ്ങൾക്ക് കാര്യമായ കച്ചവടം നടന്നിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. വരും ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
പുൽക്കൂടിനും ആവശ്യക്കാർ
ഉണ്ണീശോയെ വരവേൽക്കാനായി വീടുകളിൽ പുൽക്കൂടുകൾ നിർമിക്കുന്നത് പതിവുകാഴ്ചയാണ്. എന്നാൽ ഇപ്പോൾ സ്വന്തമായി നിർമിക്കുന്ന പുൽക്കൂടുകളെക്കാൾ റെഡിമെയ്ഡ് പുൽക്കൂടുകൾക്കാണ് ആവശ്യക്കാരേറെ. 300 മുതൽ 2000 വരെയാണ് പുൽക്കൂടിന്റെ വില. ന്യൂജെൻ ഇഷ്ടത്തിനനുസരിച്ചുള്ള പുൽക്കൂട് മോഡലുകൾ വിപണിയിൽ എത്തിക്കഴിഞ്ഞു. പല കടകളിലും വ്യത്യസ്തരീതിയിലുള്ള പുൽക്കൂടിനായുള്ള ഓർഡറുകൾ വന്നുകഴിഞ്ഞെന്ന് വ്യാപാരികൾ പറഞ്ഞു. 60 മുതൽ 500 രൂപ വരെ വിലവരുന്ന സീരിയൽ മാല ബൾബ്, 400 രൂപ മുതൽ വിലയുള്ള പാപ്പാ ഡ്രസ് തുടങ്ങിയവയും വിപണിയിലെ താരങ്ങളാണ്.
കളർഫുള്ളാണ് കേക്ക് വിപണി
ക്രിസ്മസ് ആഘോഷം മധുരതരമാക്കാൻ കേക്ക് വിപണിയും സജീവമായി. പുതുമ നിറഞ്ഞ കേക്കുകളുമായാണ് ബേക്കറികൾ സജീവമായത്. സാന്താക്ലോസിന്റെയും ക്രിസ്മസ് ട്രീയുടെയും രൂപത്തിലുള്ള കേക്കുകൾ വിപണിയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. 90 രൂപ മുതൽ 2000 രൂപവരെയുള്ള ക്രിസ്മസ് കേക്കുകൾ വിപണിയിൽ സജീവമാണ്.
previous post