തൊണ്ടിയിൽ: ഗുഡ് എർത്ത് പേരാവൂർ മാരത്തണിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ സ്പോർട്സ് കാർണിവലിന് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ തുടക്കമായി.പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സെക്രട്ടറി എം.സി. കുട്ടിച്ചൻ അധ്യക്ഷത വഹിച്ചു.
ജിമ്മി ജോർജ് സ്റ്റേഡിയം കമ്മിറ്റി ചെയർമാൻ ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചു കരോട്ട് മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു,നൂറുദ്ദീൻ മുള്ളേരിക്കൽ,പേരാവൂർ മാരത്തൺ സംഘാടക സമിതി ഭാരവാഹികളായ ഡെന്നി ജോസഫ്, അനൂപ് നാരായണൻ, സെബാസ്റ്റ്യൻ ജോർജ്,കെ.എം.ബഷീർ, അബ്രഹാം തോമസ്, ഫ്രാൻസിസ് ബൈജു ജോർജ് എന്നിവർ സംസാരിച്ചു.
വോളിബോൾ, നീന്തൽ, ആർച്ചറി മത്സരങ്ങൾ നടത്തി.വ്യാഴാഴ്ച വൈകിട്ട് ആറിന് ഫുഡ് ഫെസ്റ്റ് ബ്ലോക്ക് പ്രസിഡൻ്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും.ജില്ലാ തല വടംവലി മത്സരം,ടേബിൾ ടെന്നീസ്,ഫുട്‌ബോൾ മത്സരം,വയനാട് നാട്ടുകൂട്ടം ഗോത്രഗാഥയുടെ നാടൻ പാട്ടരങ്ങ്,ഗാനമേള,എന്നിവയുണ്ടാവും.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ജിമ്മിജോർജ് സ്റ്റേഡിയം നാമഫലകം അനാഛാദനവും പൊതുസമ്മേളനവും നടക്കും.അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി,ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്,എം.എൽ.എമാരായ സണ്ണി ജോസഫ്,മാണി.സി.കാപ്പൻ എന്നിവർ സംബന്ധിക്കും.
രാവിലെ ഒൻപത് മുതൽ ചെസ്,ക്രിക്കറ്റ്,പെനാൽറ്റി ഷൂട്ടൗട്ട്,വിവിധ വിനോദമത്സരങ്ങൾ.വൈകിട്ട് ആറിന് ഹരീഷ് മാരാർ മാവിലായി ടീമിന്റെ ചെണ്ടമേളം,7.30ന് പഴശ്ശിരാജ കളരി അക്കാദമിയുടെ കളരിപ്പയറ്റ്,ഫയർ ഷോ,8.30ന് കരോൾ ഗാനം,ദഫ് മുട്ട്.
ശനിയാഴ്ച രാവിലെ ആറിന് പേരാവൂർ ക്വാർട്ടർ മാരത്തൺ,7.45ന് ഫാമിലി ഫൺ റൺ,8.45ന് കിടപ്പ് രോഗികൾക്കായി വീൽചെയർ റേസ് എന്നിവയുണ്ടാവും.