ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് മോടി കൂട്ടി കേരളത്തിന്റെ വടക്കേയറ്റത്തെ കടൽ തീരപ്രദേശമായ മലബാറിൻറെ വടക്കൻ സ്‌പൈസ് കോസ്റ്റ് ബേക്കൽ ബീച്ച് പാർക്കിൽ അരങ്ങേറുന്ന ‘ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിനു ഡിസംബർ 24 നു തുടക്കമാകും. ജനുവരി 2 വരെ നീണ്ടു നിൽക്കുന്ന ഈ സാംസ്‌കാരിക മാമാങ്കത്തിനു വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ ബേക്കൽ കോട്ടയും ബീച്ച് മനോഹാരിതയുമൊക്കെ പതിവിലും പ്രൗഢിയിൽ ഒരുങ്ങിക്കഴിഞ്ഞു.
ജില്ലയുടെ സാംസ്കാരിക-കലാ തനിമയുടെ സമഗ്രതയും സത്തയും ഉൾക്കൊള്ളുകയും രാജ്യത്തിൻറെ സമ്പന്നമായ സാംസ്കാരിക വൈവിധ്യവും മഹത്വവും വിളിച്ചോതുകയും ചെയ്യുന്ന 10 ദിവസത്തെ ഉത്സവനാളുകൾക്ക് രാവിലെ 10ന് ബേക്കൽ ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിക്കും. കാസർഗോഡിന്റെ രുചിവൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷ്യമേളകൾ, ബീച്ച് സ്‌പോർട്‌സ്, എക്‌സിബിഷനുകൾ, ടൂർ പ്രോഗ്രാമുകൾ എന്നിവയ്‌ക്കൊപ്പം സാംസ്‌കാരികവും സംഗീതപരവുമായ രാത്രികാഴ്ചകളുടെ വിരുന്നൊരുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ഇവന്റിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നൂറാൻ സിസ്റ്റേഴ്‌സ്, സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, ഷബ്‌നം റിയാസ്, മുഹമ്മദ് അസ്ലം, പ്രസീത ചാലക്കുടി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സ്റ്റീഫൻ ദേവസ്സി തുടങ്ങി പ്രശസ്‌തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന ദൃശ്യ-ശ്രവ്യ വിരുന്ന് എല്ലാ ദിവസവും രാത്രി 7:30 മുതൽ ഉണ്ടാകും.കൂടാതെ ഹെലികോപ്റ്റർ റൈഡ്, റോബോട്ടിക് ഷോ, കൈറ്റ് ഫെസ്റ്റ്, ഫ്ലവർ ഷോ, സാൻഡ് ആർട്ട്, വാട്ടർ സ്‌പോർട്‌സ്, ബ്രൈഡൽ ഫാഷൻ മത്സരം, ബ്യൂട്ടി ക്യൂട്ടി-കിഡ്‌സ് ഫാഷൻ ഷോ, നാഷണൽ ബിസിനസ്സ് ട്രേഡ് എക്‌സ്‌പോ, ബി2സി ഫ്‌ലീ മാർക്കറ്റ്, എഡ്യൂ എക്‌സ്‌പോ എന്നിവയാണ് വിവിധ ദിവസങ്ങളിൽ അരങ്ങേറുന്ന മറ്റ് പരിപാടികൾ. ഓട്ടോമൊബൈൽ എക്സ്പോ, അക്വാ ഷോ തുടങ്ങിയവയും ഈ നീണ്ട നിരയിൽ ഉൾപ്പെടുന്നു. ആയിരത്തിലധികം അന്തർദേശീയ, ദേശീയ, പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന ബീച്ച് ഫെസ്റ്റിവലിൽ ക്യൂബൻ അംബാസഡർ അലജാൻഡ്രോ സിമാൻകാസ് മാരിനെപ്പോലുള്ള പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാസർഗോഡ് ജില്ലയിലെ സാംസ്‌കാരിക വൈവിധ്യങ്ങളും പ്രകൃതി മനോഹാരിതയും വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കാൻ കുടുംബശ്രീ മുഖേന വിനോദസഞ്ചാരികൾക്കായി ‘യാത്രശ്രീ’ എന്ന പേരിൽ പ്രത്യേക ടൂർ പാക്കേജ് ലഭ്യമാക്കിയിട്ടുണ്ട്. കാസർഗോഡിന്റെ പരമ്പരാഗത ഭക്ഷണങ്ങളും തെയ്യം, ആലാമികളി, യക്ഷഗാനം പോലെയുള്ള തനതു കലകളും സഞ്ചാരികൾക്ക് ആസ്വദിക്കാം.
കുടുംബശ്രീ, സഹകരണ ബാങ്കുകൾ എന്നിവ വഴി ടിക്കറ്റുകൾ ക്യുആർ കോഡോടുകൂടിയ ഡിജിറ്റൽ രൂപത്തിലാണ് ലഭ്യമാക്കുന്നത്. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബീച്ചിന്റെ 300 മീറ്റർ ചുറ്റളവിൽ 20 ഏക്കറിൽ 12 പാർക്കിങ് സ്ലോട്ടുകളിലായാണ് പാർക്കിങ് സൗകര്യം ഒരുക്കുന്നത്. രാജ്യത്തുടനീളമുള്ള അഞ്ച് ലക്ഷത്തോളം പേർ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കുടുംബശ്രീ, അസ്മി ഹോളിഡേയ്സ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ (ബിആർഡിസി) ആണ് ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.