ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില വർധിപ്പിക്കുന്നതിനായുള്ള വിൽപന നികുതി നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു. വിൽപന നികുതിയിൽ നാലു ശതമാനം വർധനയാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. വിജ്ഞാപനം ഇറങ്ങുന്ന മുറയ്ക്ക് ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനു വിലവർധന പ്രാബല്യത്തിൽ വരും. ഇതോടെ കേരളത്തിൽ വിദേശമദ്യത്തിന്റെ നികുതി 251 ശതമാനമായി ഉയരും.
എന്നാൽ, സർവകലാശാല ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം എടുത്തു കളയുന്ന സർവകലാശാല ഭേദഗതി ബിൽ ഇതുവരെ രാജ്ഭവനിൽ എത്തിയില്ല. മദ്യത്തിന്റെ വില വർധനയുമായി ബന്ധപ്പെട്ട ബിൽ അല്ലാതെ ഇത്തവണത്തെ നിയമസഭാ സമ്മേളനം പാസാക്കിയ മറ്റു ബില്ലുകളൊന്നും രാജ്ഭവനിലേക്കു സർക്കാർ അയച്ചിട്ടില്ല.
ഇന്ന് കണ്ണൂരിനു പോയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, തുടർന്നു ഡൽഹിക്കു പോകും. 20നു കോഴിക്കോട് മടങ്ങിയെത്തും. ബില്ലുകൾ സർക്കാർ രാജ്ഭവനിൽ എത്തിച്ചാൽ, ഓണ്‍ലൈനായി പരിശോധിക്കാൻ ഗവർണർക്കു കഴിയും. സർവകലാശാല ഭേദഗതി ബില്ലിൽ അടക്കം നിയമവശം മാത്രമാകും പരിശോധിക്കുകയെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.