2023 ജനുവരി മുതൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് നിർബന്ധമായും നടപ്പിലാക്കണമെന്ന് നിർദേശം നൽകി ചീഫ് സെക്രട്ടറി വി.പി. ജോയ്.
സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പഞ്ചിംഗ് നിർബന്ധമാക്കണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പഞ്ചിംഗ് സംബന്ധിച്ച മുൻ നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കാൻ ഈ നീക്കം അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം മുങ്ങുന്ന ജീവനക്കാരുടെ പതിവിന് തടയിടാനാണ് സർക്കാർ ഈ തീരുമാനം എടുത്തത്. പഞ്ചിംഗ് ഡേറ്റയുമായി ശമ്പള വിവരങ്ങൾ ബന്ധിപ്പിക്കുന്നതോടെ കൃത്യമായി ജോലിക്ക് ഹാജരാകാത്തവർക്കെതിരെ “ലോസ് ഓഫ് പേ’ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിക്കും.
പഞ്ചിംഗ് നിർബന്ധമാക്കുമെന്ന് 2018-ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇത് കൃത്യമായി നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചിരുന്നില്ല.