ഡൽഹിയിൽ 17 വയസുള്ള സ്കൂൾ വിദ്യാർഥിനിക്ക് എതിരെ ആസിഡ് ആക്രമണം നടത്തിയവർ ആസിഡ് വാങ്ങിയത് ഓണ്‍ലൈനിൽ. ആസിഡ് വിൽക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക് നിലവിലുള്ള സാഹചര്യത്തിലാണ് അക്രമികൾ ഫ്ളിപ്കാർട്ടിൽ നിന്നും ആസിഡ് വാങ്ങിയത്.
പ്ലസ് ടു വിദ്യാർഥിയായ പെണ്‍കുട്ടി ബുധനാഴ്ച വൈകുന്നേരം സ്കൂളിൽ നിന്നും തിരികെ മടങ്ങുന്ന വഴിയാണ് അക്രമികൾ ബൈക്കിലെത്തി മുഖത്തേയ്ക്ക് ആസിഡ് ഒഴിക്കുന്നത്. പെണ്‍കുട്ടിയുമായി തർക്കം ഉണ്ടായതിനെ തുടർന്ന് അമിത് അറോറ (20) എന്ന ചെറുപ്പക്കാരനാണ് ആസിഡ് അക്രമം നടത്തിയത്.
സുഹൃത്തുക്കളായ ഹർഷിത് അഗർവാൾ (19), വീരേന്ദർ സിംഗ് (22) എന്നിവരുടെ സഹായത്തോടെയാണ് അക്രമം. നിയന്ത്രണങ്ങൾ ലംഘിച്ച് ആസിഡ് വിൽപന നടത്തിയ ഓണ്‍ലൈൻ ഷോപ്പിംഗ് സംരംഭങ്ങളായ ആമസോണിനും ഫ്ളിപ്കാർട്ടിനും ഡൽഹി വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു.