23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പരിസ്ഥിതിലോല മേഖല; എല്ലാ പരാതികളിലും ഭൗതിക സ്ഥലപരിശോധന
Kerala

പരിസ്ഥിതിലോല മേഖല; എല്ലാ പരാതികളിലും ഭൗതിക സ്ഥലപരിശോധന

പരിസ്ഥിതി ലോല മേഖല വിഷയത്തിൽ വിദഗ്ധസമിതി മുൻപാകെ ലഭിക്കുന്ന എല്ലാ പരാതികളിലും ത‍ദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഭൗതിക സ്ഥലപരിശോധന നടത്താൻ വനം വകുപ്പ് തീരുമാനം.
കുടുംബശ്രീയുടെ സഹായത്തോടെയാവും 115 വില്ലേജുകളിലും സർവേ. എന്നു തുടങ്ങുമെന്നും മറ്റും ഇന്നും 20 നു‍മായി ചേരുന്ന വിദഗ്ധസമിതി യോഗം തീരുമാനിക്കും. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെ‍ന്റ് സെന്റർ(കെഎസ്‍ആർഇസി) ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ജനവാസമേഖലകളെ‍ക്കുറിച്ച് ആശയക്കുഴപ്പവും വ്യാപകമാ‍യിരുന്നു. റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ ഇ–മെയിലിലൂ‍ടെയും തപാലിലൂടെയും ജനങ്ങൾക്ക് അറിയിക്കാൻ വിദഗ്ധസമിതി അനുവദിച്ചിരിക്കുന്ന കാലാവധി 23 ന് അവസാനിക്കും. സമയപരിധി നീട്ടുന്നതും സജീവ പരിഗണനയിലാണ്. 20ലെ സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലവിലെ സാഹചര്യത്തിൽ ഇതു നീട്ടും. ഇതിനു ശേഷം പരാതികൾ തരംതിരിച്ച് ത‍ദ്ദേശ വകുപ്പിനു കൈമാറും. പരാതികൾ കൈകാര്യം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക ഹെൽപ് ഡെസ്ക് സജ്ജമാക്കാനും വനം വകുപ്പ് നടപടി തുടങ്ങി.

കുടുംബശ്രീയുടെ സഹായത്തോടെയുളള സ്ഥലപരിശോധനയുടെ ചെലവ് ആരു വഹിക്കുമെന്നതി‍നെക്കുറിച്ചും മറ്റും തദ്ദേശ മന്ത്രി എം.ബി.രാജേഷു‍മായി ചർച്ച നടത്തുമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ ‘മനോരമ’യോടു പറഞ്ഞു. കുടുംബശ്രീ പ്രവർത്തകർക്ക് 1000 രൂപ വീതം നൽകാനാണ് ആലോചന. വനം വകുപ്പാവും ഫണ്ട് അനുവദിക്കുക. കെഎസ്‍ആർഇ‍സിയുടെ പ്രാഥമിക പഠനത്തിനായി 68 ലക്ഷം രൂപയാണ് വനം വകുപ്പ് നൽകിയത്.

സർക്കാർ വെബ്സൈറ്റിൽ(www.kerala.gov.in) പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോർട്ടിൽ അനുബന്ധ വിവരങ്ങൾ ചേർക്കുന്നതും പുരോഗമിക്കുകയാണ്. ഉപജീവനാവശ്യ‍ത്തിനുള്ള കെട്ടിടങ്ങളെക്കുറിച്ചുള്ള (subsistance structures) വിവരങ്ങൾ റിപ്പോർട്ടിൽ പ്രത്യേകമായി ഉൾപ്പെടുത്തി. അവ്യക്തമായ സർവേ നമ്പറുകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കുകയാണ്. 22 സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള 1 കിലോമീറ്റർ ലോല മേഖലയിലെ ജനവാസമേഖലക‍ളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിന് ഓരോ മേഖലയിലെയും ഗൂഗിൾ മാപ്പിന്റെ ഒരു ഭാഗവും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതു പരിശോധിക്കുന്നുണ്ട്.

പരിസ്ഥിതി ലോലം: ഇതുവരെ 250 പരാതി

തിരുവനന്തപുരം∙ പരിസ്ഥിതി ലോല മേഖലാ വിഷയത്തിൽ ഇതുവരെ സർക്കാരിനു ലഭിച്ചത് ഏകദേശം 250 പരാതികൾ മാത്രം. ഇതിൽ ഭൂരിഭാഗവും അപൂർണവും അവ്യക്തവുമാണ്.

വിദഗ്ധസമിതി നിർദേശിച്ച പ്രഫോമയിൽ അല്ലാതെയാണ് ഏറെയും. 115 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽപെടുന്നത്. ഈ മാസം 23 ന് അകമാണ് ഇവ നൽകേണ്ടത്. തിങ്കൾ മുതലാണ് പരാതികൾ സ്വീകരിച്ചു തുടങ്ങിയത്. ആദ്യ രണ്ടു ദിവസങ്ങളിൽ പരാതി കുറവായിരുന്നു.

പ്രഫോ‍മയിൽ നൽകേണ്ട വിവരങ്ങൾ

ജില്ല, പഞ്ചായത്ത്/നഗരസഭ, വില്ലേജ്, വാർഡ് നമ്പറും പേരും, കെട്ടിട നമ്പർ (നൽകിയിട്ടുണ്ടെങ്കിൽ), സർവേ നമ്പർ, സബ് ഡിവിഷൻ നമ്പർ, ആസ്തി വിവരണം, ഫോട്ടോ, ലാൻഡ് മാർക്ക് എന്നിവയ്ക്കു പുറമേ ലൊക്കേഷൻ വിവരം, അക്ഷാംശം, രേഖാംശം എന്നിവയും നൽകണം. വിവരം നൽകുന്ന വ്യക്തിയുടെ പേര്, ഫോൺ നമ്പർ, ഇ–മെയിൽ എന്നിവയും നൽകണം.

Related posts

സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി; പ്രതിദിന വരുമാനം 8 കോടിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു*

Aswathi Kottiyoor

സംസ്​ഥാനത്ത്​ ബുധനാഴ്ച​ 17,681 പേർക്കു കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

Aswathi Kottiyoor

നോറോ വൈറസ്: ആശങ്ക വേണ്ടെന്ന്‌ മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox