24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഭക്ഷണം പാഴാക്കരുത് ‘സേവ് ഫുഡ് ഷെയര്‍ ഫുഡ് ‘ പദ്ധതിയിൽ പങ്കാളികളാകാം: മന്ത്രി വീണാ ജോര്‍ജ്
Kerala

ഭക്ഷണം പാഴാക്കരുത് ‘സേവ് ഫുഡ് ഷെയര്‍ ഫുഡ് ‘ പദ്ധതിയിൽ പങ്കാളികളാകാം: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യ വസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ‘സേവ് ഫുഡ് ഷെയർ ഫുഡ്’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകുവാൻ സാധ്യതയുള്ള മേഖല കണ്ടെത്തി അത്തരം ഭക്ഷണം പാഴാക്കാതെ ആവശ്യമുള്ളവർക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നു. സന്നദ്ധ സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും സാമൂഹ്യ സംഘടനകളുടെയും സാഹായത്തോടു കൂടിയാണ് സേവ് ഫുഡ് ഷെയർ ഫുഡ് പദ്ധതി പ്രാവർത്തികമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണം നൽകാൻ സന്നദ്ധതയുള്ളവർക്ക് ദാദാവ് (Donor) ആയോ ഭക്ഷണം ആവശ്യമുള്ളവർക്ക് സ്വീകർത്താവ് (Beneficiary) ആയോ ഇവ വിതരണം ചെയ്യുന്നതിനോ മറ്റ് സഹായം ചെയ്യുന്നതിനോ തയ്യാറുള്ളവർക്ക് സന്നദ്ധർ (Volunteer) ആയോ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഇവരെ തമ്മിൽ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രവർത്തിക്കും. നിലവിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന നിരവധി സാമൂഹ്യ സംഘടനകളും സന്നദ്ധ സംഘടനകളും കേരളത്തിലുണ്ട്. അവരെക്കൂടി ഉൾപ്പെടുത്തി പദ്ധതി വിജയമാക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്ദേശിക്കുന്നത്.

അധികം വരുന്ന ഭക്ഷണം നൽകുക എന്നതല്ല, പകരം നമ്മൾ പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് നൽകുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. അതിനാൽ തന്നെ ഹോട്ടലുകളിലും കല്ല്യാണ മണ്ഡപങ്ങളിലും മറ്റ് സത്ക്കാരങ്ങളുടെയും ഭാഗമായി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് ഈ പദ്ധതിയിൽ നൽകുന്നതിന് കഴിയും. സന്നദ്ധ സംഘടനകൾക്കോ, സാമൂഹ്യ സംഘടനകൾക്കോ, വ്യക്തികൾക്കോ ഇത്തരം ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കുന്നതിന് ആവശ്യമായ വാഹനമോ സേവനമോ നൽകിയും ഇതിൽ പങ്കാളികളാകാം. ഭക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങൾക്കോ, വ്യക്തികൾക്കോ, സംഘടനകൾക്കോ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഭക്ഷണം സ്വീകരിക്കുകയും ചെയ്യാം.

നിലവിൽ തിരുവനന്തപുരം ജില്ലയിൽ 3 സ്ഥാപനങ്ങളും എറണാകുളം തൃശൂർ ജില്ലകളിൽ രണ്ട് സ്ഥാപനങ്ങളും, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഓരോ സ്ഥാപനങ്ങൾ വീതവും ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്ത നിരവധി സന്നദ്ധ സംഘടനകളും സാമൂഹ്യ സംഘടനകളും ഭക്ഷണ വിതരണം നടത്തി വരുന്നുണ്ട്. അവരെ കൂടി ഉൾപ്പെടുത്തി ഈ പദ്ധതി വിപുലമാക്കുന്നതാണ്.

ഭക്ഷണ സാധനങ്ങൾ കേടായവ അല്ല എന്ന് ഉറപ്പ് വരുത്തുന്നതിനോടൊപ്പം ഈ പദ്ധതിയിൽ പങ്കാളികൾ ആകുന്നവർക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനങ്ങളും രജിസ്‌ട്രേഷനും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉറപ്പാക്കുന്നു. പാചകം ചെയ്ത ഭക്ഷണ സാധനം മാത്രമല്ല ഭക്ഷ്യ ഉത്പാദക സ്ഥാപനങ്ങളിൽ അധികമുള്ള ഭക്ഷണവും കേടായത് അല്ല എന്ന് ഉറപ്പാക്കി വാഹനങ്ങളിൽ ശേഖരിച്ച് സംഭരിച്ച് വിതരണം നടത്തുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

https://savefoodsharefood.in/web/login എന്ന വെബ്‌സൈറ്റ് വഴി ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും കഴിയും. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുമായോ, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുമായോ ബന്ധപ്പെടാവുന്നതാണ്. സന്നദ്ധ സംഘനകളും സാമൂഹ്യ സംഘടനകളും ഈ പദ്ധതിയ്ക്ക് ആവശ്യമായ സഹായവും സഹകരണവും നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ ഫോൺ നമ്പരുകൾ

തിരുവനന്തപുരം: 8943346181
കൊല്ലം: 8943346182
പത്തനംതിട്ട: 8943346183
ആലപ്പുഴ: 8943346184
കോട്ടയം: 8943346185
ഇടുക്കി: 8943346186
എറണാകുളം: 8943346187
തൃശൂർ: 8943346188
പാലക്കാട്: 8943346189
മലപ്പുറം: 8943346190
കോഴിക്കോട്: 8943346191
വയനാട്: 8943346192
കണ്ണൂർ: 8943346193
കാസർകോഡ്: 8943346194

Related posts

ജനത്തിന്റെ കയ്യിൽ 30.88 ലക്ഷം കോടി കറൻസി; നിരോധനത്തിന് മുൻപുള്ളതിനേക്കാൾ 71.84% അധികം

Aswathi Kottiyoor

ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ

Aswathi Kottiyoor

കൈവരിയില്ലാത്ത കനാൽപ്പാലത്തിൽ നിന്നും കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox