പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ നിർമാണ മേഖലയിൽ പുനരുപയോഗം പ്രോത്സാഹിപ്പിക്കണമെന്നും നിർമ്മാണ, പൊളിക്കൽ അവശിഷ്ടങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും അവ നിർമാണ പ്രക്രിയയിൽ ഉപയോഗപ്പെടുത്തുന്നതിനുമുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
നിലവിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് നിർമാണ മേഖലയിൽ പുന:ചംക്രമണം ചെയ്ത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്. ഇതിനു കാരണം സംസ്ഥാനത്ത് ഇത്തരം മാലിന്യങ്ങൾ പുന:ചംക്രമണം ചെയ്യുന്നതിനുളള സംവിധാനങ്ങളുടെ അഭാവമാണ്. ഇതു പരിഹരിക്കുന്നതിന് സംസ്ഥാനത്തെ നഗരസഭകൾ കേന്ദ്രീകരിച്ച് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ ആദ്യ ഘട്ടത്തിൽ സ്വീകരിക്കും.
വലിയ നഗരങ്ങളിൽ ഇത്തരം മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകളും ചെറുനഗരങ്ങളിൽ സംഭരിക്കുന്നതിനുള്ള കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു. കെട്ടിട നിർമാണത്തിലെയും പൊളിക്കുന്നതിന്റെയും അവശിഷ്ടങ്ങൾ പരിപാലിക്കുന്നതിന് സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് ശുചിത്വമിഷൻ സംഘടിപ്പിച്ച ശിൽപശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.