സംസ്ഥാനത്തു 2016 മുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടത് 828 പോലീസുകാരാണെന്നും ഇതിൽ എട്ടു പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
എന്നാൽ, ക്രിമിനലുകളായ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കാതെ അവരെ സംരക്ഷിക്കുന്ന സർക്കാർ സമീപനത്തിലും പോലീസ് സേനയെ രാഷ്ട്രീയവത്കരിക്കുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പോലീസുകാരിൽ ചെറിയൊരു ശതമാനത്തിന് എതിരേ പോലും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണു മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നതെന്നു അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ വർധിച്ചിട്ടും ഒൻപതു പോലീസ് ജില്ലകളിൽ പിങ്ക് പോലീസിന് ഒരു കേസുപോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ജനങ്ങൾക്കു പ്രയോജനമില്ലാത്ത ഇത്തരം സംവിധാനം പിരിച്ചുവിടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
പോലീസുകാർക്കെതിരേ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തി കഴന്പുണ്ടെന്ന് കാണുന്ന ആരോപണങ്ങളിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്ന നടപടിയാണു സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
2017ൽ ഒരാളെയും 2018ൽ രണ്ടും 2019ൽ ഒന്നും 2020ൽ രണ്ടും ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിവിധ റാങ്കുകളിലുള്ള എട്ട് പോലീസുദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിട്ടു.
കൂടാതെ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പോലീസുദ്യോഗസ്ഥരെയും അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട മറ്റു രണ്ടു പോലീസുദ്യോഗസ്ഥരെയും സർവീസിൽനിന്നു നീക്കം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.