ഉളിക്കൽ: ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേയിൽ ചമതച്ചാലിൽ വാഹനാപകടം. വയനാട്ടിൽ നിന്നും ആലക്കോട് മണക്കടവിലേക്കു പോകുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി തൂണിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തൂൺ തകരുകയും ഹൈടെൻഷൻ ലൈനുകൾ ഉൾപ്പെടെ റോഡിനു കുറുകെ പതിക്കുകയും ചെയ്തു. ലൈനിലെ വൈദ്യുതി ഓഫായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വാഹന ഗതാഗതം വഴി തിരിച്ചുവിട്ടു.
തുടർന്ന് നാട്ടുകാരും പയ്യാവൂർ പോലീസും കെഎസ്ഇബി ജീവനക്കാരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ ലൈനുകൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാറിലെ എയർ ബാഗ് അപകട സമയത്ത് പ്രവർത്തിച്ചതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.