2006നു ശേഷം മിച്ചഭൂമി സ്വന്തമാക്കി വച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരേ സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ. കേരള ഭൂപരിഷ്കരണ (ഭേദഗതി) ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടുകളുടെ ഭാഗമായി ഹാരിസണ് ഉൾപ്പെടെയുള്ള 68 തോട്ടങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിൽക്കുകയാണ്. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ നിയമനിർമാണം നടത്തുന്ന കാര്യവും പരിഗണിക്കും. നിയമനിർമാണം നടത്തിയാണെങ്കിലും മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2005ലെ ഭേദഗതി പ്രകാരം 2006 വരെയുള്ളവരെ മാത്രമേ അർഹതയുള്ള പാട്ടക്കാരായി കണക്കാക്കൂ. അന്യാധീനപ്പെട്ട സർക്കാർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചപ്പോൾ ഹൈക്കോടതിയിൽ എതിർകക്ഷികൾ നിയമനടപടികൾ ആരംഭിച്ചു.
സ്പെഷൽ ഓഫീസർക്ക് ഭൂമിതർക്കങ്ങളിൽ ഉടമസ്ഥത നിശ്ചയിക്കാൻ അധികാരമില്ലെന്നും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സർക്കാരിന് തർക്കമുണ്ടെങ്കിൽ സിവിൽ കോടതി വഴി പരിഹാരം തേടണമെന്നും കോടതി നിർദേശിച്ചു.
നാളിതുവരെ 68 കേസുകളിലായി 1,60,695.15 ഏക്കർ ഭൂമി സർക്കാരിന്റേതെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി തിരിച്ചുപിടിക്കുന്നതിന് 68 സിവിൽ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2006 വരെ മിച്ചഭൂമി വാങ്ങിയവർക്കു മാത്രമാണ് ലാൻഡ് ട്രൈബ്യൂണലുകൾ വഴി ക്രയ സർട്ടിഫിക്കറ്റുകൾക്ക് അർഹത. ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന 1964 മുതൽ 2006 ഒക്ടോബർ വരെ മിച്ച ഭൂമി പ്രതിഫലം നൽകി വാങ്ങിയവർക്കു ക്രയ സർട്ടിഫിക്കറ്റുകൾ നൽകാനുള്ള നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ ക്രയസർട്ടിഫിക്കറ്റുകൾക്ക് നൽകുന്ന അപേക്ഷകളിൽ ലാൻഡ് ട്രൈബ്യൂണലുകൾ പുറപ്പെടുവിക്കുന്ന ഉത്തരവിൽ അപ്പീൽ നൽകാൻ അനുവാദം നൽകുന്നതാണ് പുതിയ ഭേദഗതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിൽ നിയമസഭ പാസാക്കി.