മട്ടന്നൂർ: മാനന്തവാടി – കണ്ണൂർ വിമാനത്താവളം റോഡിന്റെ അയ്യല്ലൂർ, ഇല്ലംഭാഗം ഭാഗത്തെ അലൈൻമെന്റ് സംബന്ധിച്ച് പ്രതിഷേധം ശക്തമാകുന്നു. നാലുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി അതിരടയാള കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഏതാണ്ട് പൂർത്തിയായി വരികയാണ്.
അയ്യല്ലൂർ ഭാഗം ഒഴിവാക്കി റോഡ് നിർമിക്കാൻ നീക്കം നടക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. നാടിന്റെ വികസനം സാധ്യമാകുന്ന രീതിയിൽ റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപവത്കരിച്ചിട്ടുണ്ട്.
അയ്യല്ലൂർ, ഇടവേലിക്കൽ, പുലിയങ്ങോട്, ഇല്ലംഭാഗം എന്നിവിടങ്ങളിലുള്ളവരാണ് റോഡ് വികസന സമിതിക്ക് രൂപം നൽകിയത്. മാനന്തവാടി മുതൽ അയ്യല്ലൂർ കുറത്തിയമ്മക്കോട്ടം വരെയും ഇല്ലംഭാഗം മുതൽ വിമാനത്താവളം വരെയുള്ള റോഡിന്റെ അലൈൻമെന്റ് പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ അയ്യല്ലൂർ കുറത്തിയമ്മേക്കോട്ടം മുതൽ ഇല്ലംഭാഗം വരെയുള്ള അഞ്ച് കിലോമീറ്റർ റോഡ് ഏത് വഴി പോകുമെന്നുള്ളത് അനിശ്ചിതത്വത്തിലാണ്.
ചില വ്യക്തികളുടെ താത്പര്യ പ്രകാരം റോഡ് വഴി മാറ്റിക്കൊണ്ടുപോകാൻ നീക്കമുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ റോഡിന്റെ പേരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്നാണ് സിപിഎം പഴശി നോർത്ത് ലോക്കൽ കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.
സിപിഎം ശക്തികേന്ദ്രങ്ങളായ പ്രദേശത്ത് ഉണ്ടായ വിവാദം പാർട്ടിയിലും ചർച്ചയാകുന്നുണ്ട്. അടുത്ത ദിവസം ചേരുന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ പ്രശ്നം ചർച്ചയായേക്കും.
റോഡ് വികസനത്തിന്റെ ഭാഗമായി നാലു ബൈപ്പാസ് റോഡുകൾ കൂടി നിർമിക്കുന്നുണ്ടെന്നും ഇതിൽ ശിവപുരം ബൈപ്പാസ് റോഡ് സംബന്ധിച്ചാണ് തെറ്റായ പ്രചാരണം നടത്തുന്നതെന്നുമാണ് വിശദീകരണം. ഇതെക്കുറിച്ച് വിശദീകരിക്കുന്നതിന് സ്ഥലം എംഎൽഎയേയും പൊതുമരാമത്ത് ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് യോഗം വിളിക്കുന്നുണ്ട്.