ശബരിമല തീര്‍ഥാടകരില്‍ നിന്ന് കെഎസ്ആര്‍ടിസി അധികനിരക്ക് ഈടാക്കുന്നെന്നും ബസുകളില്‍ ഭക്തരെ കുത്തിനിറച്ചു കൊണ്ടുപോകുന്നെന്നുമുള്ള പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയില്‍ കെഎസ്ആര്‍ടിസിയുടെ വിശദീകരണം തേടി. ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോകുന്നുവെന്നതടക്കമുള്ള പരാതിക്കാരന്റെ ആരോപണങ്ങള്‍ കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന് നിഷേധിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെട്ട അപകടമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശബരിമല ചെയിന്‍ സര്‍വീസ് നടത്തുന്ന 165 ബസുകള്‍ക്ക് 350 ഡ്രൈവര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
ആരോപണങ്ങള്‍ സ്വകാര്യ സര്‍വീസ് ഓപ്പറേറ്റര്‍മാരെ സഹായിക്കാനാണെന്നും കെഎസ്ആര്‍ടിസി വാദിച്ചു. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ശബരിമല സ്പെഷല്‍ സര്‍വീസ്, ഷെഡ്യൂള്‍ഡ് സര്‍വീസ് തുടങ്ങിയവയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്കാന് നിര്‍ദേശിച്ച ഡിവിഷന് ബെഞ്ച് ഹര്‍ജി 17 ലേക്ക് മാറ്റി.