ജനത്തിന് അതിജീവിക്കാവുന്നതിലും അപ്പുറം ഉഷ്ണതരംഗം അനുഭവപ്പെടുന്ന ലോകത്തെ ആദ്യ സ്ഥലങ്ങളിൽ ഒന്നായി ഇന്ത്യ ഉടൻ മാറുമെന്നു ലോക ബാങ്കിന്റെ പുതിയ റിപ്പോർട്ട്. ‘ഇന്ത്യയെ തണുപ്പിക്കാൻ ഉള്ള കാലാവസ്ഥാ നിക്ഷേപ സാധ്യതകൾ’ എന്ന പേരിൽ ലോക ബാങ്ക് തയാറാക്കിയ റിപ്പോർട്ട് കേരളത്തിൽ പ്രകാശനം ചെയ്തു. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തിൽ ലോക ബാങ്കുമായി സഹകരിച്ച് റീബിൽഡ് കേരള ഇനീഷ്യേറ്റിവും പരിസ്ഥിതി വകുപ്പും ചേർന്നു സംഘടിപ്പിക്കുന്ന പാർട്നേഴ്സ് മീറ്റ് വേദിയിലായിരുന്നു പ്രകാശനം.
താപനില ഉയരുമ്പോൾ തണുപ്പിക്കാൻ ആവശ്യമായ ഉപാധികളുടെ ആവശ്യവും ഉയരും. രാജ്യത്തെ 8% വീടുകൾക്കു മാത്രമേ എയർ കണ്ടീഷൻ ഉപകരണങ്ങൾ ഉള്ളൂ. ഇന്ത്യയിൽ എസിയുടെ വില 21,400 രൂപ മുതൽ 41,170 രൂപ വരെയാണ്. ഇലക്ട്രിക് ഫാനുകൾ ചൂട് കുറയ്ക്കാൻ ഒരു പരിധി വരെ മാത്രമേ സഹായിക്കൂ.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കടുത്ത ഉഷ്ണതരംഗങ്ങളിൽ ആയിരക്കണക്കിനു പേരാണ് ഇന്ത്യയിൽ മരിച്ചത്. ഇതു വർധിക്കുകയാണ്. ഉഷ്ണകാലം നേരത്തേ എത്തുകയും ദീർഘനാൾ തുടരുകയും ചെയ്യുന്ന അവസ്ഥയാണ്. ഈ വർഷം ഏപ്രിലിൽ അതിന്റെ വിപത്തുകൾക്കു രാജ്യം സാക്ഷിയായി. ന്യൂഡൽഹിയിൽ 46 ഡിഗ്രി സെൽഷ്യസ് ആയിരുന്നൂ ചൂട്. മാർച്ചിൽ അനുഭവപ്പെട്ട ചൂട് റെക്കോർഡാണ്. ദക്ഷിണേഷ്യയിൽ ചൂട് ഉയരുന്നതു സംബന്ധിച്ച് മുൻപ് കാലാവസ്ഥ ശാസ്ത്രജ്ഞർ നൽകിയ മുന്നറിയിപ്പ് ശരിവയ്ക്കുന്ന തരത്തിലാണ് ഇന്ത്യയിലെ സ്ഥിതി.
ഇന്ത്യയിലെ തൊഴിലാളികളിൽ 75% (ഏകദേശം 38 കോടി) ചൂടു സാഹചര്യങ്ങളിൽ ആണ് ജോലി ചെയ്യുന്നത്. സുരക്ഷിതമായ ഒരു കോൾഡ് സ്റ്റോറേജ് ശൃംഖലയെ ആശ്രയിച്ചാണ് രാജ്യത്തിന്റെ ദീർഘകാല ഭക്ഷ്യസുരക്ഷയും പൊതുജന ആരോഗ്യവും നിലനിൽക്കുക.
കോവിഡിന് മുൻപ്, ലോകത്ത് മരുന്ന് ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് താപനില ക്രമീകരിച്ചു സൂക്ഷിക്കേണ്ട മരുന്നുകളും ഉൽപന്നങ്ങളിലും 20%, വാക്സീനുകളിൽ 25 ശതമാനം എന്നിങ്ങനെ നഷ്ടപ്പെട്ടത് ഈ സംവിധാനത്തിന്റെ അഭാവത്തിൽ ആണ്. ഇതു വഴി 313 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറഞ്ഞു.