ക്ഷീര കർഷകർക്ക് പിന്തുണ ഉറപ്പാക്കുന്നതിനായി ഇൻസെന്റിവ് നൽകുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. 2021 ലെ ക്ഷീരകർഷക അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആകെ 28 കോടി രൂപ ഇതിനായി മാറ്റി വെച്ചിട്ടുണ്ട്. 130 കോടി രൂപ ത്രിതല പഞ്ചായത്തുകളുടെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ആയിരത്തിലധികം കർഷകർക്ക് ഇൻസന്റിവ് ലഭിച്ചിട്ടുണ്ട്. നൂറിലധികം കർഷകർക്ക് 10000 മുതൽ 25000 വരെ തുക ലഭിച്ചു. ഒന്നേമുക്കാൽ ലക്ഷം വരെ ഇൻസന്റിവ് ലഭിച്ച കർഷർ കേരളത്തിലുണ്ട്. ക്ഷീരമേഖലയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ധാരാളം കർഷകർ കേരളത്തിലുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പാലിന്റെ വില വർധിപ്പിച്ചത് ക്ഷീര കർഷകരെ പിന്തുണയ്ക്കുന്നതിനും ഈ മേഖലയിൽ നിലനിർത്തുന്നതിനുമാണെന്ന് മന്ത്രി പറഞ്ഞു. ഉദ്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ ക്ഷീര കർഷകർക്ക് ഈ വർദ്ധനവ് വലിയ രീതിയിൽ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. പാൽ ഉദ്പാദനം വർധിപ്പിക്കുന്നതിനായി പശുക്കൾക്ക് പച്ചപ്പുല്ല് ധാരാളമായി നൽകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പച്ചപ്പുല്ല് വ്യാപകമായി വളർത്താൻ വിപുലമായ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സബ്സിഡി നൽകി കൃഷി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വലിയ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മികച്ച ക്ഷീര കർഷകൻ, വാണിജ്യാടിസ്ഥാനത്തിലെ മികച്ച ക്ഷീര കർഷകൻ(ക്ഷീരശ്രീ), മികച്ച സമ്മിശ്ര കർഷകൻ,മികച്ച വനിതാ സംരഭക, മികച്ച യുവ കർഷകൻ എന്നിവർക്ക് മന്ത്രി പുരസ്‌കാരം നൽകി. മൃഗ സംരക്ഷണ മേഖലയുടെ വികസനത്തിനൊപ്പം കർഷകക്ഷേമത്തിന് ഊന്നൽ നൽകി മികച്ച കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് പുരസ്‌കാരം നൽകുന്നത്. ഹരിയാനയിൽ നടന്ന ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ നേട്ടം കരസ്ഥമാക്കിയ വെറ്ററിനറി ഡോക്ടർ കീർത്തിയ്ക്കും മന്ത്രി പുരസ്‌കാരം നൽകി ആദരിച്ചു.
വി. കെ പ്രശാന്ത് എം എൽ എ അധ്യക്ഷനായി. അഗ്രി ഡിവിഷൻ പ്ലാനിങ് ബോർഡ് ചീഫ് എസ്. എസ് നാഗേഷ്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിഗൻ, എൽ. എം. ടി. സി കുടപ്പനക്കുന്ന് പ്രിൻസിപ്പൽ ട്രെയിനിങ് ഓഫിസർ ഡോ. റെയ്നി ജോസഫ്, അഡീഷണൽ ഡയറക്ടർ (പ്ലാനിങ് ) ഡോ. വിനു ഡി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.