23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കേരളത്തിലെ ഒൻപത് ജില്ലകളെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്
Kerala

കേരളത്തിലെ ഒൻപത് ജില്ലകളെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്

കേരളത്തിലെ ഒൻപത് ജില്ലകളെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കാനിടയുണ്ടെന്ന് റിപ്പോർട്ട്. 2023-2030 കാലയളവിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

വയനാട്, കോഴിക്കോട്, കാസർകോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, മലപ്പുറം, കൊല്ലം എന്നിവയാണ് ഈ ഒൻപത് ജില്ലകൾ. ഉയർന്ന രോഗവ്യാപനം, ജനസംഖ്യയിൽ വലിയൊരു വിഭാഗവും ദുർബല വിഭാഗങ്ങളായത്, മോശം ആരോഗ്യ, ദുരിതാശ്വാസ സൗകര്യങ്ങൾ എന്നിവയാണ് ഈ ജില്ലകളെ കാലാവസ്ഥാ വ്യതിയാനം കൂടുതൽ പ്രതികൂലമായി ബാധിക്കാൻ കാരണം.

2014-ലാണ് സംസ്ഥാനം ആദ്യമായി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കർമപദ്ധതി പ്രസിദ്ധീകരിച്ചത്. പുതുക്കിയ റിപ്പോർട്ടിൽ, കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്ന വ്യാപ്തി അനുസരിച്ച്, ഓരോ ജില്ലയെയും ഉയർന്നത്, ഇടത്തരം, താഴ്ന്നത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. കൃഷി, കന്നുകാലി, തീരദേശ മത്സ്യബന്ധനം, വനം, ആരോഗ്യം, വിനോദസഞ്ചാരം, ജലലഭ്യത തുടങ്ങിയ മേഖലകളെ കാലാവസ്ഥാ മാറ്റം എങ്ങനെ ബാധിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരളം ഇതുവരെ കടന്നുപോയിട്ടുള്ള വിവിധ കാലാവസ്ഥാ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. സംസ്ഥാനത്തെ താപനിലയിൽ 1 ഡിഗ്രി മുതൽ 2 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധന ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ജില്ല തിരിച്ചുള്ള മഴയുടെ തോത് വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിശക്ത മഴ ഉണ്ടാകുമെന്നും പ്രവചനമുണ്ട്. ഇവയെല്ലാം മത്സ്യബന്ധനം, വനം, ജലം, കൃഷി, ആരോഗ്യം, തുടങ്ങിയ കാര്യങ്ങളെയെല്ലാം ബാധിക്കും.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ഏറ്റവുമധികം നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും ഇതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

“2040-ഓടെ സമ്പൂർണ പുനരുപയോഗ ഊർജ അധിഷ്ഠിത സംസ്ഥാനമാകാനും 2050-ഓടെ പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാകാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനം പാർശ്വവൽക്കരിക്കപ്പെട്ടവരെയും ദുർബല വിഭാഗങ്ങളെയും സാരമായി ബാധിക്കുന്നതിനാൽ ഉടൻ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തെ ഹരിത ഹൈഡ്രജന്റെ കേന്ദ്രമാക്കി മാറ്റുന്നതിനെക്കുറിച്ചും ഒരു വ്യാവസായിക നയം രൂപപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കാലാവസ്ഥ ദുരന്തങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ അടിയന്തരമായി ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് കഴിഞ്ഞ വർഷം പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള ആക്ഷൻ പ്ലാൻ 2019 ൽ ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് പി സി വിഷ്ണുനാഥ് ആരോപിച്ചിരുന്നു. മുന്നറിയിപ്പുകൾ സർക്കാർ അവഗണിക്കുന്നു. 2019 ൽ കിട്ടിയ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ കൂട്ടിക്കൽ, പെട്ടിമുടി ദുരന്തങ്ങളെ തുടർന്നുള്ള മരണങ്ങൾ ഉണ്ടാകില്ലായിരുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു. ഡമോക്ലിസിന്റെ വാളായി ദുരന്തങ്ങൾ തലക്കു മുകളിൽ നിൽക്കുമ്പോൾ എന്തിനാണ് സിൽവർ ലൈൻ പദ്ധതിയെന്നും പ്രതിപക്ഷ നേതാവും ചോദിച്ചിരുന്നു.

Related posts

യുവ നടൻ സുധീര്‍ വര്‍മ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്

Aswathi Kottiyoor

ഇന്ധനം കിട്ടാതെ വൈദ്യുതി നിലയങ്ങള്‍ അടച്ചു; സ്ഥിതി രൂക്ഷം: ശ്രീലങ്ക ഇരുട്ടില്‍.

Aswathi Kottiyoor

മണിപ്പുർ കലാപം ; രണ്ട്‌ സ്‌ത്രീകളെ നഗ്നരാക്കി നടത്തി ; ആക്രമണത്തിന്‌ ഇരയായത്‌ കുക്കി സ്‌ത്രീകൾ

Aswathi Kottiyoor
WordPress Image Lightbox