24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൺസൽറ്റൻസി റെയിൽ! കൺസൽറ്റൻസി സേവനവുമായി കെ–റെയിൽ
Kerala

കൺസൽറ്റൻസി റെയിൽ! കൺസൽറ്റൻസി സേവനവുമായി കെ–റെയിൽ

തിരുവനന്തപുരം ∙ സിൽവർലൈൻ വേഗ റെയിൽ പദ്ധതി മരവിപ്പിച്ചതോടെ, നടത്തിപ്പു കമ്പനിയായ കെ–റെയിൽ കൺസൽറ്റൻസി രംഗത്തേക്കിറങ്ങുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും അടിസ്ഥാനസൗകര്യ പദ്ധതികളുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസിയാകുകയാണു ലക്ഷ്യം. കിഫ്ബി, കെ എസ്ആർടിസി എന്നിവയുടെ വിവിധ പദ്ധതികളുടെ കൺസൽറ്റൻസി ഏറ്റെടുക്കാൻ ധാരണയായി. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ കൺസൽറ്റൻസിയാകാനും ടെൻഡർ സമർപ്പിച്ചു.

കേരളത്തിൽ റെയിൽ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത കമ്പനിയായി രൂപീകരിച്ചതാണു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ അഥവാ കെ–റെയിൽ. റെയിൽവേയിൽനിന്നുൾപ്പെടെ അൻപതോളം വിദഗ്ധർ കെ–റെയിലിലുണ്ട്. ഇവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി പൊതുമേഖലയിലെ അടിസ്ഥാനസൗകര്യ പദ്ധതികളെ സഹായിക്കുകയും ഒപ്പം കെ–റെയിലിനു വരുമാനമുണ്ടാക്കുകയുമാണു ലക്ഷ്യം.

അങ്കമാലിയിലെ ട്രാൻസിറ്റ് ഹബ് ഉൾപ്പെടെ 6 പദ്ധതികളുടെ കൺസൽറ്റൻസി കെ–റെയിലിനു നൽകാൻ കെഎസ്ആർടിസി ബോർഡ് തീരുമാനിച്ചു. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 3 പാലങ്ങളുടെ കൺസൽറ്റൻസിയും നൽകി.

64,000 കോടി രൂപയുടെ സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ചതോടെ, 500 കോടി രൂപ ആകെ ചെലവു വരുന്ന 25 റെയിൽവേ മേൽപാലങ്ങളുടെ നിർമാണം മാത്രമാണു കെ–റെയിലിന് ഇപ്പോൾ ചെയ്യാനുള്ളത്. ശബരി റെയിൽ പദ്ധതി സജീവ പരിഗണനയിലുണ്ടെങ്കിലും സാങ്കേതിക കടമ്പകൾ ബാക്കിയുണ്ട്. ഈ സാഹചര്യത്തിലാണു മറ്റു മേഖലകളിലേക്കുകൂടി തിരിയുന്നത്.

സിൽവർലൈൻ അനുമതി സാധ്യത നോക്കി മാത്രം: റെയിൽവേ മന്ത്രി

ന്യൂഡൽഹി ∙ സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകുന്നത് സാമ്പത്തിക–സാങ്കേതിക സാധ്യതകൾ പരിഗണിച്ചു മാത്രമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവർത്തിച്ചു. 200 കിലോമീറ്ററോളം റെയിൽപാതയ്ക്കു സമാന്തരമായി സിൽവർലൈൻ പോകുമെന്നത്, ഭാവിയിൽ റെയിൽവേ വികസനത്തെ ബാധിക്കും. 15 മീറ്ററോളം റെയിൽവേ ഭൂമി വേണ്ടിവരുന്നതിനാൽ മൂന്നും നാലും ലൈനുകൾ വരുന്നതിന് തടസ്സമാകുമെന്നും ലോക്സഭയിൽ ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യങ്ങൾക്ക് എഴുതി നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.

പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല. തത്വത്തിൽ അംഗീകാരം ഡിപിആറിനു മാത്രമാണ്. ഡിപിആറിൽ സാങ്കേതിക വശങ്ങൾ വ്യക്തമല്ല. കെ–റെയിൽ ഇതുവരെ അതു നൽകിയിട്ടില്ല. അതു ലഭിച്ചശേഷം സാമ്പത്തിക സാധ്യതകൾ കൂടി പരിഗണിച്ചാവും അനുമതിയെന്നും മന്ത്രി പറ​ഞ്ഞു.

Related posts

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയിൽ വൻ വർധന.*

Aswathi Kottiyoor

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് ജനസംരക്ഷണത്തിന് വേണ്ടി : ദേവസ്വം വകുപ്പ് മന്ത്രി

Aswathi Kottiyoor

കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ക്രൈംബ്രാഞ്ച്‌

Aswathi Kottiyoor
WordPress Image Lightbox