മനുഷ്യരാശിക്ക് താങ്ങാന്‍ കഴിയുന്നതിനെക്കാളേറെ അളവില്‍ രാജ്യത്ത് ഉഷ്ണ തരംഗ സംഭവങ്ങളുണ്ടായേക്കുമെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്. ‘ക്ലൈമറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ട്യുണീറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിങ് സെക്ടര്‍’ എന്ന തലക്കെട്ടിലുള്ള പഠന റിപ്പോര്‍ട്ട് രാജ്യത്ത് ഉഷ്ണ തരംഗ സംഭവങ്ങളുടെ ദൈര്‍ഘ്യം കൂടുന്നതായും കണ്ടെത്തി. മാത്രവുമല്ല ഇവ നേരത്തെ തുടങ്ങി വളരെ വൈകിയാണ് അസാനിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഇത്തരമൊരു സാഹചര്യത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയും ചെയ്തു.
രാജ്യതലസ്ഥാനത്ത് താപനില 46 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്ന സാഹചര്യമുണ്ടായി. മാര്‍ച്ച് മാസത്തിലാണ് ഏറ്റവുമധികം ഉഷ്ണം രേഖപ്പെടുത്തിയത്. രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള കൊടും ചൂടായിരുന്നു മാര്‍ച്ചില്‍ അനുഭവപ്പെട്ടത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യ ക്ലൈമറ്റ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്‌ണേര്‍സ് മീറ്റിലായിരിക്കും ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക. തെക്കന്‍ ഏഷ്യയിലെ വര്‍ധിച്ചു വരുന്ന താപനില ശുഭസൂചനയല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
വരും ദശാബ്ദങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏറ്റവുമധികം ഉഷ്ണതരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഓഗസ്റ്റ് 2021 ലെ ഇന്റര്‍-ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോര്‍ട്ടും ശരിവെയ്ക്കുന്നു.
കാര്‍ബണ്‍ ബഹിര്‍ഗമന തോത് ഉയരുകയാണെങ്കില്‍ 2036-65 കാലയളവില്‍ രാജ്യത്തെ ഉഷ്ണതരംഗങ്ങളുടെ ദൈര്‍ഘ്യത്തില്‍ 25 മടങ്ങ് വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. തൊഴിലാളികളെയും ഉഷ്ണ തരംഗം ദോഷകരമായി ബാധിക്കും.