ഇക്വറ്റോറിയല്‍ ഗിനിയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയന്‍ നാവികസേന തടവിലാക്കിയ ചരക്ക് കപ്പലിലെ മലയാളികളടക്കമുള്ള നാവികരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാവികര്‍ സുരക്ഷിതരാണെന്നും അവര്‍ കഴിയുന്ന കപ്പലിലെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെട്ടതാണെന്നും നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എയുടെ സബ്മിഷന് നല്കിയ രേഖാമൂലമുള്ള മറുപടിയില്‍ നാവികരെ എത്രയുംവേഗം വിട്ടയയ്ക്കാന് എല്ലാ നിയമസഹായവും ക്ഷേമവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാവികരുടെ മോചനത്തിന് ആവശ്യമായ നിയമസഹായം ഉള്‍പ്പെടെ നയതന്ത്ര ഇടപെടല്‍ ശക്തമാക്കണമെന്ന് കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
തുടര്‍ നടപടികള്‍ക്കായി വിദേശകാര്യ മന്ത്രാലയവും നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വൈപ്പിന്‍ മുളവുകാട് സ്വദേശി മില്ട്ടന് ഡിക്കോത്ത്, കൊല്ലം സ്വദേശി വിജിത് വി. നായര്‍, വയനാട് സ്വദേശി സനു ജോസ് എന്നിങ്ങനെ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമുണ്ട്.