കുഞ്ഞിനു ജന്മം നൽകുന്നതിൽ അമ്മയുടെ തീരുമാനം അന്തിമമാണെന്നു ഡൽഹി ഹൈക്കോടതി. 33 ആഴ്ച ഗർഭിണിയായ യുവതിക്കു ഗർഭച്ഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റിസ് പ്രതിഭ സിങ്ങിന്റെ നിരീക്ഷണം. ഭ്രൂണത്തിനു സെറിബ്രൽ കുഴപ്പങ്ങളുള്ളതിനാൽ ഗർഭച്ഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുപത്താറുകാരിയാണ് കോടതിയെ സമീപിച്ചത്.
ഹർജിക്കാരിക്ക് ഗർഭച്ഛിദ്രത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ആഘാതത്തെക്കുറിച്ചും വ്യക്തമായി അറിയാമെന്നും ഇക്കാര്യത്തിൽ മാതാവിന്റെ തീരുമാനം നിർണായകമാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് 24 ആഴ്ചയ്ക്കു ശേഷം ഗര്‍ഭച്ഛിദ്രം നടത്തണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണ്.
അമ്മയുടെ തീരുമാനവും കുഞ്ഞിന് അന്തസ്സോടെ ജീവിക്കാനുള്ള സാധ്യതയുമാണ് ഈ കേസിൽ പരിഗണിച്ചതെന്ന് കോടതി വ്യക്തമാക്കി. സെറിബ്രൽ കുഴപ്പമുണ്ടെങ്കിലും കുഞ്ഞ് ജീവിക്കുമെന്ന റിപ്പോർട്ടാണ് ഡൽഹിയിലെ ലോക് നായക് ജയ്പ്രകാശ് നാരായൺ ആശുപത്രി അധികൃതർ നൽകിയത്. എന്നാൽ എത്രത്തോളം കുഴപ്പമുണ്ടെന്നോ കുട്ടി ജനിച്ചു കഴിയുമ്പോൾ എങ്ങനെയാകുമെന്നോ റിപ്പോർട്ടിൽ പറയുന്നില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.ഇത്തരം സാഹചര്യങ്ങളിൽ അമ്മയുടെ തീരുമാനമാണ് പ്രധാനം. നിയമത്തിൽ സ്ത്രീകളുടെ ഇത്തരം അവകാശങ്ങൾ പരിഗണിക്കുന്ന രാജ്യമാണ് ഇന്ത്യ. നിയമം അനുശാസിക്കുന്ന പ്രകാരം ലോക് നായക് ജയ്പ്രകാശ് നാരായൺ ആശുപത്രിയിലോ മറ്റേതെങ്കിലും ആശുപത്രിയിലോ വച്ച് യുവതിക്ക് ഗർഭച്ഛിദ്രം നടത്താവുന്നതാണെന്ന് കോടതി പറഞ്ഞു.