ലൈഫ് ഭവന പദ്ധതിയിൽ ഈ വർഷം 1,06,000 വീടുകളുടെ നിർമാണം ഏറ്റെടുത്തതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചു. രണ്ടാംഘട്ടത്തിൽ 3,68,466 ഭവനരഹിതരെയും ഭൂമിയും വീടുമില്ലാത്ത 1,97,175 കുടുംബങ്ങളെയും കണ്ടെത്തി. പട്ടികയിലെ അർഹരായ എല്ലാ പട്ടികജാതി, പട്ടിക വർഗ, ഫിഷറീസ് വിഭാഗത്തിൽപെട്ടവർക്കും അതിദരിദ്രരുടെ സർവെയിൽ കണ്ടെത്തിയ വീട് ആവശ്യമുള്ളവർക്കും നിർമാണ ആനുകൂല്യം നൽകാൻ അനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് കേസുകൾ വർധിച്ചു: മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ ഇക്കൊല്ലം കണ്ടെടുത്ത മയക്കുമരുന്നുകളുടെ അളവിലും രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായതായി മന്ത്രി എം.ബി. രാജേഷ്. കോളജ് തലത്തിൽ വിദ്യാർഥികളിലെ ലഹരി ഉപയോഗ സാധ്യതകൾ ഇല്ലാതാക്കുന്നതിനുള്ള ആദ്യ ഘട്ടമെന്ന നിലയിൽ ആരോഗ്യ സർവകലാശാലകൾക്കു കീഴിലുള്ള കോളജ് കാന്പസുകളിൽ നേർക്കൂട്ടം എന്ന പേരിൽ ഒരു കമ്മിറ്റിക്കും കോളജ് ഹോസ്റ്റലുകളിൽ ശ്രദ്ധ എന്ന പേരിൽ മറ്റൊരു കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ക്ലബുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റേഷൻകടകൾ വിപുലീകരിക്കും: മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ വിസ്തൃതി വർധിപ്പിച്ചു വിപുലീകരിക്കുമെന്നു മന്ത്രി ജി.ആർ.അനിൽ. റേഷൻ കടകൾ നവീകരിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസിന്റെ നിയമപ്രകാരം പുതിയ കെട്ടിടം നിർമിക്കുന്നതിനു ചുരുങ്ങിയ പലിശനിരക്കിൽ വായ്പ നൽകുന്നതിനു ബാങ്കുകളുമായി ധാരണയിൽ എത്തിയിട്ടുണ്ട്.വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 13 ഇനം ഭക്ഷ്യധാന്യങ്ങൾ 2016 ഏപ്രിൽ മാസത്തെ വിലയ്ക്കു സപ്ലൈകോ വഴി നൽകി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമല വിമാനത്താവള പദ്ധതിക്ക് അനുമതി പ്രതീക്ഷിക്കുന്നു : മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വീമാനത്താവള പദ്ധതിക്കു വൈകാതെ കേന്ദ്രാനുമതി ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 3500 മീറ്റർ റണ്വേ ഉൾപ്പെടുന്ന മാസ്റ്റർ പ്ലാനാണു തയാറാക്കിയിട്ടുള്ളത്. കേന്ദ്ര അനുമതി ലഭിച്ചശേഷം സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
9,500 ഓഫീസുകളിൽ കെ-ഫോണ് കണക്ഷൻ നൽകി: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ-ഫോണ് പദ്ധതിയിൽ സംസ്ഥാനത്ത് 9500-ലധികം സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു
ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കുക ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: അസാധ്യമെന്നു പറഞ്ഞ് പലരും എഴുതിത്തള്ളിയ ദേശീയ പാത വികസന പദ്ധതി 2025 ഓടെ പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിൽ എങ്ങുമെത്താതെ മുടങ്ങിക്കിടന്ന ദേശീയപാത വികസനം സാധ്യമാക്കാൻ നിശ്ചയദാർഢ്യത്തോടെയുള്ള നടപടികളാണ് 2016-ൽ അധികാരത്തിൽ വന്ന സർക്കാർ സ്വീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ചരമോപചാരം അർപ്പിച്ച് നിയമസഭ
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനുശേഷം വിട്ടുപിരിഞ്ഞ മുൻ സാമാജികർക്ക് നിയമസഭ ഇന്നലെ ചരമോപചാരം അർപ്പിച്ചു. മുൻമന്ത്രിമാരായ പ്രഫ. എൻ.എം. ജോസഫ്, ആര്യാടൻ മുഹമ്മദ്, കോടിയേരി ബാലകൃഷ്ണൻ, മുൻ അംഗങ്ങളായ കെ. മുഹമ്മദലി, പുനലൂർ മധു, വെങ്ങാനൂർ പി. ഭാസ്കരൻ എന്നിവർക്കാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. സ്പീക്കർ എ.എൻ. ഷംസീർ ഇവരേക്കുറിച്ചുള്ള റഫറൻസ് നടത്തി.
പിൻവാതിൽ നിയമനത്തിനായി സിപിഎമ്മിന് റിക്രൂട്ടിംഗ് സംവിധാനം: പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ വ്യാപകമായി നടത്തുന്നതിനായി സിപിഎം ഒരു റിക്രൂട്ടിംഗ് സംവിധാനം ലോക്കൽ കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ ഉണ്ടാക്കിയിരിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തുമാസത്തിനിടയിൽ 6000 നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടന്നപ്പോൾ 190000 പിൻവാതിൽ നിയമനങ്ങളാണ് സംസ്ഥാനത്തു നടന്നത്.
മയക്കുമരുന്നിന്റെ ഉപയോഗത്തിലുണ്ടാകുന്ന വർധനയ്ക്കും തൊഴിലില്ലായ്മ ഒരു കാരണമാകുന്നുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.