നാടിനെ നടുക്കിയ പെരുമണ്ണ് ദുരന്തത്തിന്റെ 14 ാം വർഷം ഓർമയിൽ വിതുന്പി നാട്. കുട്ടികളുടെ ഓർമയ്ക്കായി സംസ്ഥാന പതയോരത്ത് നിർമിച്ച സ്മൃതി മണ്ഡപത്തിൽ വിവിധ സംഘടനകളും നാട്ടുകാരും മരിച്ച കുട്ടികളുടെ രക്ഷിതാക്കളും പുഷ്പാർച്ചന നടത്തി. പെരുമണ്ണ് നാരായണ വിലാസം എഎൽപി സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യഭ്യാസ ഓഫീസ് സീനിയർ സൂപ്രണ്ട് എസ്.എസ്. സാബു അനുസ്മരണ പ്രഭാഷണം നടത്തി.
2008 ഡിസംബർ നാലിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പെരുമണ്ണ് നാരായണ വിലാസം എഎൽപി സ്കൂളിലെ 10 വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. പതിനൊന്ന് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വൈകുന്നേരം സ്കൂൾ വിട്ട് സംസ്ഥാന പാതയരികിലൂടെ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ നേരെ ക്രൂയിസർ ഇടിച്ചു കയറുകയായിരുന്നു.
എ. സാന്ദ്ര, പി.വി. മിഥുന, എൻ. വൈഷ്ണവ്, കെ. നന്ദന, പി. റംഷാന, പി.വി. അനുശ്രീ, പി.വി. അഖിന, പി. സോന, പി.കെ. കാവ്യ, കെ. സഞ്ജന എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ പി.വി. അനുശ്രീയും പി.വി. അഖിനയും സഹോദരങ്ങളാണ്.
അപകടം നടന്ന് വർഷങ്ങൾക്ക് ശേഷം ഏറെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ രണ്ട് വർഷം മുമ്പാണ് വാഹന ഡ്രൈവർ മലപ്പുറം സ്വദേശി അബ്ദുൾ കബീറിനെ തലശേരി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.