21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നിയമസഭ: ആദ്യദിനങ്ങളിൽ പരിഗണിക്കുക നാലുവീതം ബില്ലുകൾ
Kerala

നിയമസഭ: ആദ്യദിനങ്ങളിൽ പരിഗണിക്കുക നാലുവീതം ബില്ലുകൾ

തിങ്കളാഴ്‌ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യരണ്ടുദിവസം നാലുവീതം ബിൽ സഭ പരിഗണിച്ച്‌ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌ അയക്കും. കേരള ഹൈക്കോടതി സർവീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ ആദ്യദിനമെത്തും. ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം സംസ്ഥാന ജീവനക്കാരുടേതിന്‌ തുല്യമാക്കുകയാണ്‌ ഉദ്ദേശ്യം. 58 ആക്കണമെന്നാണ്‌ രജിസ്‌ട്രാറുടെ ശുപാർശ.

ഇരവിപുരം കശുവണ്ടി ഫാക്ടറിയുടെ 34.5 സെന്റ്‌ ഭൂമികൂടി ഏറ്റെടുക്കൽ പട്ടികയിൽപ്പെടുത്തുന്ന കേരള കശുവണ്ടി ഫാക്ടറികൾ (വിലയ്‌ക്കെടുക്കൽ) നിയമ ഭേദഗതി നിർദേശം അടങ്ങിയ ബിൽ, വെറ്ററിനറി സർവകലാശാലയിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ പട്ടികവിഭാഗ സംവരണ തോത്‌ മറ്റ്‌ സർവകലാശാലകൾക്ക്‌ തുല്യമാക്കാനുള്ള കേരള വെറ്ററിനറിയും ജന്തുശാസ്‌ത്രങ്ങളും സർവകലാശാല (ഭേദഗതി) ബിൽ, ബധിരരും മൂകരും കുഷ്‌ഠരോഗ ബാധിതരുമായവർക്ക്‌ ഖാദി ബോർഡ്‌ ഭരണസമിതിയിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക്‌ നീക്കാനായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്‌ (ഭേദഗതി) ബിൽ എന്നിവയും ആദ്യ ദിവസം തന്നെ അവതരിപ്പിക്കും.

അബ്‌കാരി തൊഴിലാളി ക്ഷേമനിധിയിലെ തൊഴിലുടമയുടെ അംശദായ വിഹിതം ഉയർത്താനുള്ള തീരുമാനം ചൊവ്വാഴ്‌ച സഭ പരിഗണിക്കും. അനധികൃത മണൽ ഖനനത്തിന്‌ പിഴ ശിക്ഷ 25,000 രൂപയിൽനിന്ന്‌ അഞ്ചുലക്ഷം രൂപയാക്കി ഉയർത്തുന്ന കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ, ഭൂമിയുടെ ഉടമസ്ഥാവകാശ സാക്ഷ്യപത്രവുമായി ബന്ധപ്പെട്ട ലാൻഡ്‌ ട്രിബ്യൂണൽ ഉത്തരവിൽ അപ്പീൽ അവകാശം ഉറപ്പാക്കുന്ന കേരള ഭുപരിഷ്‌കരണ (ഭേദഗതി) ബിൽ, ഓട്ടോറിക്ഷാ തൊഴിലാളികൾക്കും മോട്ടോർ വാഹനത്തൊഴിലാളി ക്ഷേമനിധിയിൽ നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന കേരള മോട്ടോർ ട്രാൻസ്‌പോർട്ട്‌ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയും ചൊവ്വാഴ്‌ച അവതരിപ്പിക്കും.

Related posts

10 മാസത്തിനുള്ളിൽ മെഡിസെപ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ പേർ പ്രയോജനപ്പെടുത്തിയതായി ധനമന്ത്രി

പകർച്ചപ്പനി 3 ദിവസം ഡ്രൈ ഡേ; ഒന്നിച്ചിറങ്ങണം

Aswathi Kottiyoor

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2019 പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox