22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജയിലിനുള്ളിൽ നിയമലംഘനത്തിനുള്ള ഒരു സാഹചര്യവുമുണ്ടാകരുത്: മുഖ്യമന്ത്രി
Kerala

ജയിലിനുള്ളിൽ നിയമലംഘനത്തിനുള്ള ഒരു സാഹചര്യവുമുണ്ടാകരുത്: മുഖ്യമന്ത്രി

അന്തേവാസികൾക്ക് നിയമലംഘനം നടത്താനുള്ള ഒരു സാഹചര്യവും ജയിലുകളിൽ സൃഷ്ടിക്കപ്പെടാൻ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൊബൈൽ ഫോൺ ഉപയോഗം, ലഹരി ഉപയോഗം തുടങ്ങി ചെറുതും വലുതുമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒരുതരത്തിലും ജയിലിനകത്ത് പ്രോത്സാഹിപ്പിക്കാൻ പാടില്ല. നിയമവിധേയമല്ലാത്ത കാര്യങ്ങൾചെയ്യുന്ന ഉദ്യോഗസ്ഥരോടു സർക്കാരിന് മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജയിൽ വകുപ്പിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലിൽ എത്തിപ്പെടുന്നവർ ശിക്ഷാകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്നതു പുതിയ വ്യക്തിയായിട്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കുറ്റംചെയ്തവരെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന ഒരു സാഹചര്യവും ജയിലുകളിൽ ഉണ്ടാകാൻ പാടില്ല. അത്തരം പരാതികളോടു സർക്കാരിന്റെ ഭാഗത്തുനിന്നു വിട്ടുവീഴ്ചയുണ്ടാകില്ല. വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണുന്ന പ്രവണതയുമുണ്ടാകരുത്. കോടതി ശിക്ഷിക്കുംവരെ അവർ നിരപരാധികളാണെന്ന നിലയിൽത്തന്നെ കാണുകയും സമീപിക്കുകയും വേണം. തടവുകാരുടെ അവകാശങ്ങൾ സംബന്ധിച്ച സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ ഒരുതരത്തിലും ലംഘിക്കാൻ ഇടവരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനഃശാസ്ത്രപരമായ തെറ്റുതിരുത്തൽ പ്രക്രിയ ആധുനിക ജയിൽ സംവിധാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരമൊരു തിരിച്ചറിവോടെയാണു ജയിലുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ നിയമിച്ചത്. ഇവരുടെ എണ്ണം കുറവാണെന്നുകണ്ടാണ് അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാർക്കു കറക്ഷണൽ സൈക്കോളജിയിൽ പരിശീലനം നൽകിയത്. സംസ്ഥാനത്തെ ജയിലുകളിൽ കാലാനുസൃതമായ വലിയ മാറ്റമുണ്ടായിട്ടുണ്ട്. വലിയ പ്രതികാര മനോഭാവത്തോടെ തടവുകാരെ സമീപിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങൾക്കും കൂച്ചുവിലങ്ങിടുന്ന ഒന്നായി ജയിലുകൾ മാറുന്ന സ്ഥിതിയായിരുന്നു അന്ന്. ഇന്ന് അത്തരം അവസ്ഥകളെല്ലാം മാറി. ഇപ്പോൾ ജയിലിനെക്കുറിച്ചുള്ള സങ്കൽപ്പംതന്നെ തെറ്റുതിരുത്തൽ കേന്ദ്രമെന്നതാണ്. തെറ്റുതിരുത്തൽ പ്രക്രിയവഴി ജയിൽ അന്തേവാസികളെ നേരായ ജീവിതത്തിലേക്കു നയിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. അതിൽ മാനസാന്തരം, പുനരധിവാസം, സമൂഹ പുനഃപ്രവേശം എന്നിങ്ങനെയുള്ള രീതികളാണ് അവലംബിച്ചുവരുന്നത്. നേരത്തേ കുറ്റവാളികൾ, തടവുപുള്ളികൾ എന്നൊക്കെയാണ് ജയിൽ അന്തേവാസികളെ പറഞ്ഞിരുന്നത്. ഇപ്പോൾ ജയിൽ അന്തേവാസികൾ എന്നു സംബോധനചെയ്യുന്നതുതന്നെ മാറ്റത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അസിസ്റ്റന്റ് പ്രിസണർ ഓഫിസർമാരുടെ ചുമതല ഭംഗിയായി നിറവേറ്റാനാകുംവിധമുള്ള പരിശീലനം പൂർത്തിയാക്കിയാണ് പുതിയ അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാർ സേനയുടെ ഭാഗമാകുന്നത്. ഇൻഡോർ, ഔട്ട്ഡോർ, സ്പെഷ്യലൈസ്ഡ് എന്നിങ്ങനെ മൂന്നു മൊഡ്യൂളുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജയിൽ നിയമങ്ങളും ചട്ടങ്ങളും ക്രിമിനോളജി, വിക്ടിമോളജി, അടിസ്ഥാന മനഃശാസ്ത്രം, പ്രാഥമിക സാമൂഹികശാസ്ത്രം, സോഷ്യൽ വർക്ക്, ശിക്ഷാ നിയമങ്ങൾ, ഭരണഘടന, മനുഷ്യാവകാശം, പ്രഥമ ശുശ്രൂഷ തുടങ്ങിയ അടിസ്ഥാന അറിവുകളെല്ലാം പരിശീലനത്തിൽ ലഭ്യമാക്കി. കരാട്ടെ, നീന്തൽ, യോഗ, കംപ്യൂട്ടർ, ഡ്രൈവിങ് പരിശീലനങ്ങളുമുണ്ട്. ഇങ്ങനെ ലഭിച്ച അറിവുകൾ മികച്ച രീതിയിൽ കൃത്യനിർവഹണം നടത്തുന്നതിനു പ്രാപ്തരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂജപ്പുര ശ്രീചിത്തിര തിരുന്നാൾ സ്റ്റേഡിയത്തിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസ് ബൽറാം കുമാർ ഉപാധ്യായ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഹജ്ജ് തീർഥാടനം 21 മുതൽ; കേരളത്തിൽ

Aswathi Kottiyoor

2,000 സ്കൂ​ളു​ക​ളി​ൽ റോ​ബോ​ട്ടി​ക് ലാ​ബു​ക​ൾ സ്ഥാപിക്കും

Aswathi Kottiyoor

എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു.

Aswathi Kottiyoor
WordPress Image Lightbox