ബഫർ സോണ്‍ വിഷയത്തിൽ സുപ്രീംകോടതി നിലപാടു സ്വാഗതാർഹമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാർ ആവശ്യപ്പെട്ട കാര്യംതന്നെയാണ് സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നത്.
സംരക്ഷിത വനമേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റവളവിൽ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കുന്പോൾ ഒരോ സ്ഥലത്തെയും സാഹചര്യംകൂടി പരിഗണിക്കേണ്ടി വരുമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഏതൊക്കെ മേഖലകളാണ് ബഫർസോണ്‍ പരിധിയിൽ ഉൾപ്പെടുത്തേണ്ടതെന്നും ഒഴിവാക്കേണ്ടതെന്നും കണ്ടെത്തുന്നതിനുള്ള സർവേ വേഗത്തിലാക്കേണ്ടതുണ്ട്. ഇപ്പോൾ ഇതിന്റെ പ്രവർത്തനം മന്ദഗതിയിലാണ്.
ആക്ഷേപമുണ്ടെങ്കിൽ അവ കേട്ടു പരിഹരിക്കുന്നതിനായുള്ള അദാലത്ത് കൊച്ചിയിൽ വരുംദിവസം നടത്തുമെന്നും എറണാകുളം ഗസ്റ്റ് ഹൗസിൽ അഡ്വക്കറ്റ് ജനറലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി പറഞ്ഞു. സർക്കാരിനനുകൂലമായ പരാമർശമാണ് ഉണ്ടായിരിക്കുന്നത് എന്നതിനാൽ മറ്റു നിയമനടപടികളിലേക്കു കടക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.