കോവിഡ് നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ നിർദേശം. നിയന്ത്രണം ലംഘിച്ചു പുറത്തിറങ്ങി രോഗ വ്യാപനം പടർത്തൽ, ഒത്തു ചേരൽ, നിയന്ത്രണം ലംഘിച്ചുള്ള ഡ്രൈവിംഗ്, കേസുകളിൽ ഹാജാരാകാൻ നിർദേശിച്ചിട്ടും ഹാജരാകാതിരിക്കൽ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത പിഴയും തടവും ലഭിക്കാൻ സാധ്യതയുള്ള കേസുകളാണു പിൻവലിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
ഇന്ത്യൻ പീനൽ കോഡ്, കേരള പോലീസ് ആക്ട്, കേരള എപ്പിഡമിക് ഓർഡിനൻസ്, ദുരന്ത പ്രതികരണ നിയമം തുടങ്ങിയവയിലെ ചില വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനാണു നിർദേശം. അശ്രദ്ധമായ പ്രവൃത്തികളിലൂടെ രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തിലുള്ള നടപടികൾ, ആഘോഷങ്ങളും ആരാധനകളുമായി ബന്ധപ്പെട്ട ഒത്തു ചേരലുകൾ, പൊതുശല്യമാകുന്ന തരത്തിലുള്ള ഡ്രൈവിംഗ്, പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട കേസുകൾ, സമൻസ് നൽകിയിട്ടും മറുപടി നൽകാതിരുന്നതും ഹാജാരാകാതിരുന്നതുമായ കേസുകൾ തുടങ്ങിയവയാണ് പിൻവലിക്കാൻ നിർദേശിച്ചിട്ടുള്ളത്.
2,000 രൂപ വരെ പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കാൻ സാധ്യതയുള്ള നിസാര കേസുകൾ പിൻവലിക്കാനാണു നിർദേശം. ഇതുവഴി സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത ആയിരക്കണക്കിനു കേസുകൾ പിൻവലിക്കപ്പെടുമെന്നാണു കണക്കാക്കുന്നത്. നിരവധി പേർക്ക് ഇതു ആശ്വാസമാകും. കോവിഡ് നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട് 1.4 ലക്ഷം കേസുകളാണു രജിസ്റ്റർ ചെയ്തത്.
കോവിഡ് കാലത്തു രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടു പരിശോധിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി കണ്വീനറായും നിയമ വകുപ്പു സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ അംഗങ്ങളുമായും സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ഉത്തരവിറക്കിയത്.