ബഫർ സോണ്‍ വിഷയത്തിൽ ഫീൽഡ് തല പരിശോധന വേഗത്തിലാക്കാൻ ഇന്നലെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നല്കി.
സ്ഥലം നേരിട്ടു പരിശോധിച്ചു സുപ്രീംകോടതിയിൽ റിപ്പോർട്ട് നല്‍കാനാണ് സംസ്ഥാന സർക്കാർ ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ചെയർമാനായി വിദഗ്ധസമിതി രൂപീകരിച്ചത്.
പരിസ്ഥിതി-തദ്ദേശവകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ ,വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനം വകുപ്പ് മുൻ മേധാവി ജയിംസ് വർഗീസ് എന്നിവരാണ് സമിതിയിൽ ഉള്ളത്. സമിതിയിലെ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.
അടിയന്തരമായി റിപ്പോർട്ട് നല്‍കാനാണ് മന്ത്രിയുടെ നിർദേശം. സുപ്രീംകോടതി ഈ വിഷയം എപ്പോൾ വേണമെങ്കിലും പരിഗണിക്കാവുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ റിപ്പോർട്ട് തയാറാക്കണമെന്നു മന്ത്രി നിർദേശിച്ചത്.