പ്രതിദിനം ആറു കോടിയോളം രൂപ കൈകാര്യം ചെയ്യപ്പെടുന്ന കെഎസ്ആർടിസിയിൽ പ്രത്യേകമായുള്ള അക്കൗണ്ടിംഗ് വിഭാഗം നിലവിൽ വന്നു. കഴിഞ്ഞ ജനുവരിയിൽ കോർപ്പറേഷനും അംഗീകൃത സംഘടനാ പ്രതിനിധികളുമായി ഒപ്പുവച്ച ദീർഘകാല സേവന വേതന കരാർ പ്രകാരമാണ് തീരുമാനം.
കെഎസ്ആർടിസിയിൽ ഓരോ ബസിന്റേയും യൂണിറ്റിന്റെയും കണക്കുകൾ വിശകലനം ചെയ്യുന്നതിനായി പ്രത്യേകമായ അക്കൗണ്ടിംഗ് വിഭാഗം ജീവനക്കാർ ഉണ്ടായിരുന്നില്ല. ഇതുമൂലം 2017-18 വർഷം വരെ മാത്രമേ കോർപറേഷന്റെ ഓഡിറ്റ് പൂർത്തീകരിച്ചിട്ടുള്ളൂ. ദിവസേന യൂണിറ്റുകളിൽ നിന്നും ശേഖരിക്കുന്ന കണക്കുകളിൽ വലിയ വ്യത്യാസമാണ് കണ്ടുവരുന്നത്.
തൊഴിലാളി സംഘടനകളുമായി ഒപ്പിട്ട ദീർഘകാല കരാറിലാണ് നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ നിന്നും യോഗ്യയുള്ളവരെ വിന്യസിച്ച് അക്കൗണ്ടിംഗ് വിഭാഗം രൂപീകരിക്കാൻ തീരുമാനിച്ചത്. ഇതിനായി നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാരിൽ നിന്നും ബികോം, എംകോം വിദ്യാഭ്യാസ യോഗ്യതയുള്ള ജീവനക്കാരെ പുനർ വിന്യസിച്ചാണ് അക്കൗണ്ട്സ് വിഭാഗം രൂപീകരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ചീഫ് ഓഫീസ്, ജില്ലാ ഓഫീസ്, ഡിപ്പോ എന്നിവിടങ്ങളിലായി 17 സൂപ്രണ്ടുമാരേയും, 165 അസിസ്റ്റന്റ് വിഭാഗം ജീവനക്കാരേയുമാണ് പ്രാഥമികമായി അക്കൗണ്ട്സ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. യോഗ്യതയുള്ള അസിസ്റ്റന്റുമാരുടെ എണ്ണം മതിയാകാത്ത സാഹചര്യം ഉണ്ടായാൽ ഡ്രൈവർ ഒഴികെയുള്ള മറ്റ് വിഭാഗങ്ങളിലെ ബികോം, എംകോം ബിരുദമുള്ള ജീവനക്കാരെയും പരിഗണിക്കും.