33.9 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ
Kerala

വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ

ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിസ് കൗൺസിലും (കെ-ഡിസ്‌ക്) കേരള നോളഡ്ജ് ഇക്കണോമി മിഷനും ചേർന്നു സംഘടിപ്പിച്ച കൺസൾട്ടേഷൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐടിക്കു പുറമേ ഇലക്ട്രോണിക്സ്, ഫിനാൻസ്, ബാങ്കിങ്, അഗ്രികൾച്ചർ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് വർക്ക് നിയർ ഹോം പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയും. സംസ്ഥാനത്ത് ഒന്നോ രണ്ടോ വർക്ക് നിയർ ഹോമുകൾ തുടങ്ങിക്കാണിക്കുക വഴിയാണ് ഈ പദ്ധതിയിലേക്കു കൂടുതൽപേരെ ആകർഷിക്കാൻ കഴിയുന്നത്. ഇതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. പ്രാദേശിക സൗകര്യങ്ങളുണ്ടെങ്കിൽ വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കും. കമ്പനികൾ തയാറായാൽ ആറു മാസത്തിനകം പദ്ധതി യാഥാർഥ്യമാക്കാനാകും.

വിജയിക്കുന്ന മോഡലുകളാണ് തൊഴിൽ മേഖലയ്ക്ക് ഇനി ആവശ്യമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലിന്റെ സ്വഭാവത്തിൽ ലോകമാകെ വലിയ മാറ്റങ്ങൾ വരികയാണ്. ഇപ്പോഴത്തെ ജോലികൾ പലതും ഇല്ലാതാകും. പുതിയ ജോലികൾ വരും. സ്വപ്നം കാണാനാകാത്ത മാറ്റമാണ് ഈ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല മേഖലയിലും ആദ്യം എത്തുന്നവർക്കാണ് ഗുണഫലങ്ങൾ ഏറെ കിട്ടുക. വർക്ക് നിയർ ഹോമുകളുടെ കാര്യത്തിലും ആദ്യം എത്തുന്നവർക്കു കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഹൈസിന്ദ് ഹോട്ടലിൽ നടന്ന പരിപാടിയിൽ കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കെ-ഡിസ്‌ക് എക്സിക്യൂട്ടിവ് ചെയർപേഴ്സൺ ഡോ. കെ.എം. ഏബ്രഹാം, മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

വൈദ്യുതി കരാർ അനുമതി നിഷേധം; ലോഡ് ഷെഡിങ് അനുവദിക്കണമെന്ന് വൈദ്യുതി ബോർഡ് ആവശ്യപ്പെടും

Aswathi Kottiyoor

ശമ്പള പരിഷ്കരണം നടപ്പാക്കണം എന്ന ആവശ്യവുമായി സപ്ലൈകോ ജീവനക്കാർ പണിമുടക്കിൽ

Aswathi Kottiyoor

ഇലക്‌ട്രോണിക് വീൽചെയർ: വ്യാജ വാർത്തകളിൽ ജാഗ്രത പാലിക്കണം

Aswathi Kottiyoor
WordPress Image Lightbox