ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും.
മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ചാണ് ക്രമീകരണം ഒരുക്കുന്നത്. തിരക്ക് വർധിക്കുന്ന മുറയ്ക്ക് വലിയ നടപ്പന്തലിലേക്ക് തീർത്ഥാടകരെത്തുന്നത് അതത് സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രിക്കും. ഇവിടങ്ങളിൽ മതിയായ അളവിൽ പൊലീസിനെയും ദ്രുത കർമ സേനയേയും വിന്യസിക്കും. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയേയും വിന്യസിക്കും. ഇന്നലെയും സന്നിധാനത്തും പരിസരത്തും കനത്ത മഴ പെയ്തിരുന്നു. മഴ കനത്താൽ നീലിമല വഴി എത്തുന്നവർ വിവിധ കാത്തിരിപ്പ് പുരകളിൽ തങ്ങാൻ നിർദേശം നൽകും . മലയിറക്കം സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാക്കാനും നീക്കമുണ്ട്.
കേരള പൊലീസിന്റെ പുതിയ ബാച്ച് കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. തിരക്ക് വർധിക്കുന്നത് പരിഗണിച്ച് പൊലീസിന്റെ അംഗബലം കൂട്ടും. കോയമ്പത്തൂരിൽ നിന്നുളള 131 അംഗ ദ്രുതകർമ സേനയെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. തീവ്രവാദ ആക്രമണം ചെറുക്കുന്നതുമുതൽ രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ വരെ ഒരുക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമാൻഡന്റ് ജി വിജയൻ പറഞ്ഞു.
തീർത്ഥാടന കാലം പൂർത്തിയാകുംവരെ കേന്ദ്രസേന സന്നിധാനത്ത് ഉണ്ടാകും. സംസ്ഥാന പൊലീസുമായി സഹകരിച്ചായിരിക്കും ആർ എ എഫിന്റെ പ്രവർത്തനം. 40 ലക്ഷം പേരെയാണ് ഇത്തവണ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്.അതേസമയം, തീർത്ഥാടനത്തിന്റെ ആദ്യ 12 ദിവസം 10 ലക്ഷത്തോളം പേർ ദർശനത്തിനെത്തിയെന്നാണ് കണക്ക്.