തിരുവനന്തപുരം∙ കേരളത്തിലെ 23 സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള 1 കിലോമീറ്റർ പരിസ്ഥിതിലോല മേഖലയിലെ(ഇഎസ്‍ഇസെഡ്/ബഫർസോൺ) ജനവാസ പ്രദേശങ്ങൾ നിർണയിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഭൗതിക സ്ഥല പരിശോധന(ഫീൽഡ് സർവേ) അനിശ്ചിതത്വത്തിൽ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ രൂപീകരിച്ചിട്ട് ഇന്നു രണ്ടു മാസം തികയുകയാണ്. സർവേ എന്ന് ആരംഭിക്കണമെന്നു പോലും തീരുമാനിച്ചിട്ടില്ല. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹായത്തോടെ ഡിസംബറിൽ സർവേ നടത്താനായിരുന്നു ആലോചന. എന്നാൽ ഇതിനായി ആളുകളെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്ന നടപടി തുടങ്ങിയിട്ടില്ല. സംരക്ഷിത വനപ്രദേശങ്ങളുടെ പരിധിയിലെ പഞ്ചായത്തുകളെ സ്ഥലപരിശോധന സംബന്ധിച്ച് അറിയിച്ചിട്ടുമില്ല. ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും കേട്ട ശേഷം സ്ഥലപരിശോധന നടത്താമെന്ന നിലപാടിലാണ് ഇപ്പോൾ വിദഗ്ധസമിതി. പരിശോധന നീളുമെന്ന് അതോടെ ഉറപ്പായി. അതിസൂക്ഷ്മമായി നടത്തേണ്ട സ്ഥലപരിശോധന പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടി വരും.
ഇടക്കാല റിപ്പോർട്ടും നൽകിയില്ല
സുപ്രീം കോടതിയിലെ കേസിന്റെ വിധിയെ തുടർന്നാണു വിദഗ്ധ സമിതിക്കു കഴിഞ്ഞ സെപ്റ്റംബർ 30 ന് രൂപം നൽകിയത്. ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു. ഇന്നു രണ്ടു മാസം തികയുമ്പോഴും അതു നൽകിയിട്ടില്ല.