24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജില്ലയിൽ 4208 അതിദരിദ്ര കുടുംബങ്ങൾ; കണക്കെടുപ്പ് പൂർത്തിയായി
Kerala

ജില്ലയിൽ 4208 അതിദരിദ്ര കുടുംബങ്ങൾ; കണക്കെടുപ്പ് പൂർത്തിയായി

അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് ദാരിദ്ര്യം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ കണക്കെടുപ്പ് പൂർത്തിയായപ്പോൾ ജില്ലയിൽ 4208 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തി. ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലും ഒൻപത് നഗരസഭകളിലും ഒരു കോർപ്പറേഷനിലും വീടുകൾ കയറിയിറങ്ങി നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും കുടുംബങ്ങളെ കണ്ടെത്തിയത്.

75ലധികം അതിദരിദ്ര കുടുംബങ്ങളുള്ള 12 ഗ്രാമ പഞ്ചായത്തുകൾ ജില്ലയിലുണ്ട്. ഏരുവേശ്ശി, കുന്നോത്തുപറമ്പ്, കൊട്ടിയൂർ, കൊളച്ചേരി, കോളയാട്, ചപ്പാരപ്പടവ്, ചെറുപുഴ, തൃപ്രങ്ങോട്ടൂർ, നടുവിൽ, പടിയൂർ- കല്ല്യാട്, പാട്യം, മുഴക്കുന്ന് എന്നിവയാണ് ഈ പഞ്ചായത്തുകൾ.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന പഞ്ചായത്തുകളാണിത്. അതേസമയം, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ ഏറെയുള്ള അയ്യൻകുന്ന് (58), ആറളം (48), കേളകം (64), പയ്യാവൂർ (57) എന്നിവിടങ്ങളിൽ ഇത്തരം കുടുംബങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്.

ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്തുകളായ ന്യൂമാഹിയിൽ രണ്ട് കുടുംബങ്ങളും വളപട്ടണത്ത് 11 കുടുംബങ്ങളുമാണ് അതിദരിദ്രരുടെ പട്ടികയിലുള്ളത്. എരഞ്ഞോളി (4), പെരളശ്ശേരി (9), പിണറായി (10) എന്നിവയാണ് ഭൂവിസ്തൃതി കൂടിയ പഞ്ചായത്തുകളിൽ അതിദരിദ്രർ കുറഞ്ഞവ.

നഗരസഭകളിൽ ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങളുള്ളത് ഇരിട്ടിയിലാണ്. 184 കുടുംബങ്ങൾ. തൊട്ടടുത്ത് ആന്തൂർ (133). മട്ടന്നൂരിലാണ് ഏറ്റവും കുറവ് (8). കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ 87 കുടുംബങ്ങൾ.

സർവേയിലൂടെ കണ്ടെത്തിയ കുടുംബങ്ങളെയും വ്യക്തികളെയും ദരിദ്രാവസ്ഥയിൽ നിന്ന് മുക്തരാക്കാൻ സൂക്ഷ്മതല പദ്ധതികൾ (മൈക്രോപ്ലാൻ) തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വരുന്നു. സേവന രേഖകളായ റേഷൻകാർഡ്, ആധാർ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, ഭക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി ലഭ്യമാക്കും. തുടർന്ന് വീട്, കുടിവെള്ളം, വൈദ്യുതി എന്നിവയും ലഭ്യമാക്കും.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും, കടുവ കൊന്നു.

Aswathi Kottiyoor

റേഡിയോളജിസ്റ്റ് ഒഴിവ്

Aswathi Kottiyoor
WordPress Image Lightbox