ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ റെക്കോർഡ് മുന്നേറ്റം. തുടർച്ചയായ രണ്ടാം വാരമാണ് വിദേശ നാണയ ശേഖരം മുന്നേറുന്നത്. ഇത്തവണ ക്രൂഡോയിൽ, മറ്റ് കമ്മോഡിറ്റികൾ എന്നിവയുടെ വിലക്കുറവും, നാണയപ്പെരുപ്പ ഭീഷണി അകന്നതും വിദേശ നാണയ ശേഖരം കുതിക്കാൻ കാരണമായി.
റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, നവംബർ 18 സമാപിച്ച ആഴ്ചയിൽ വിദേശ നാണയ ശേഖരം 254 കോടി ഡോളർ ഉയർന്ന് 54,725 കോടി ഡോളറിലെത്തി. നവംബർ 11 ന് സമാപിച്ച വാരത്തിൽ 1,473 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവാണ് നവംബർ 11 ന് സമാപിച്ച വാരത്തിൽ രേഖപ്പെടുത്തിയത്. കൂടാതെ, വിദേശ കറൻസി ആസ്തി, കരുതൽ സ്വർണശേഖരം എന്നിവയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വിദേശ കറൻസി ആസ്തി 176 ഡോളർ ഉയർന്ന് 48,429 കോടി ഡോളറായും, കരുതൽ സ്വർണശേഖരം 31.5 കോടി ഉയർന്ന് 4,001 കോടി ഡോളറായും മെച്ചപ്പെട്ടു.