22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും: മന്ത്രി വി. അബ്ദുറഹിമാൻ
Kerala

കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും: മന്ത്രി വി. അബ്ദുറഹിമാൻ

കായികരംഗത്തെ ബാഹ്യ ഇടപെടലുകൾ പൂർണമായി ഇല്ലാതാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. പരിശീലനം മുതൽ സർട്ടിഫിക്കേഷൻ വരെയുള്ള മേഖലകളിൽ ഇതിനായി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കോമൺവെൽത്ത് ഗെയിംസ്, ദേശീയ ഗെയിംസ്, ഫിഡെ ലോക ചെസ് ഒളിംപ്യാഡ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായികരംഗത്തു ലഭിക്കുന്ന അംഗീകാരങ്ങൾ അർഹമായ കരങ്ങളിൽത്തന്നെയാണ് എത്തുന്നതെന്ന് ഉറപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. അർഹരായവർക്കു മെറിറ്റ് അടിസ്ഥാനത്തിൽ പരിശീലനം നൽകും. ഇതിൽ വ്യക്തിഗത ഇടപെടലുകൾക്കുള്ള സാധ്യത പൂർണമായി ഇല്ലാതാക്കും. പുറത്തുനിന്നുള്ള ഇടപെടൽകൊണ്ട് അർഹരായവർക്കു കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകരുത്. പി.എസ്.സി. അടക്കമുള്ള പരീക്ഷകൾക്കായി കായികതാരങ്ങൾക്കു നൽകുന്ന സർട്ടിഫിക്കറ്റുകൾ സർക്കാർ നേരിട്ടു നൽകുന്ന രീതി ഉടൻ കൊണ്ടുവരും. എസ്.എസ്.എൽ.സി. പരീക്ഷാ സർട്ടിഫിക്കറ്റ് നൽകുന്ന മാതൃകയിൽ ഇതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും.

കായികരംഗത്തെ വിശാലമായ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളം തയാറെടുക്കുകയാണെന്നു മന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ആരംഭിക്കുന്ന കേരള സ്പോർട്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ ആരംഭിക്കും. പരിശീലനത്തിലടക്കം ഡിപ്ലോമ കോഴ്സുകൾ ഇവിടെ ആരംഭിക്കാൻ കഴിയും. വരാൻപോകുന്ന ഗോവ ദേശീയ ഗെയിംസിൽ ഒന്നാം സ്ഥാനം ലഭിക്കാൻ പാകത്തിൽ കേരള ടീമിനെ സജ്ജമാക്കും. കായികതാരങ്ങളും ഒഫിഷ്യൽസും അതിനായുള്ള ശ്രമങ്ങൾ തുടങ്ങണം. വിദഗ്ധ പരിശീലനം ആവശ്യമെങ്കിൽ നൽകാനുള്ള കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പാരിതോഷിക തുകയുടെ കാര്യത്തിൽ പിന്നിലാണെങ്കിലും അവിടങ്ങളിൽ ഇല്ലാത്തവിധം കായികതാരങ്ങൾക്ക് ജോലി നൽകാൻ കേരളത്തിനു കഴിയുന്നുണ്ട്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 80ഓളം കായികതാരങ്ങൾക്കു സർക്കാർ ജോലി നൽകിക്കഴിഞ്ഞു. കഴിയാവുന്നത്ര കായികതാരങ്ങൾക്കു സ്പോർട്സ് ക്വാട്ടയിൽ ജോലി നൽകുന്നതിനാണു സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോമൺവെൽത്ത് ഗെയിംസ്, ദേശീയ ഗെയിംസ്, ഫിഡെ ലോക ചെസ് ഒളിംപ്യാഡ് എന്നിവയിൽ മികച്ച പ്രകടനം നേടിയ കായികതാരങ്ങളെ മന്ത്രി ആദരിച്ചു. മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, സെക്രട്ടറി സി. അനിൽ കുമാർ, എൽ.എൻ.സി.പി.ഇ. പ്രിൻസിപ്പാളും റീജിയണൽ ഡയറക്ടറുമായ ഡോ. ജി. കിഷോർ, കായിക യുവജനകാര്യ വകുപ്പ് അഡിഷണൽ ഡയറക്ടർ എ.എൻ. സീന തുടങ്ങിയവരും പങ്കെടുത്തു.

Related posts

കാർബൺ ന്യൂട്രൽ കേരളം: നിർവഹണ രൂപരേഖ തയ്യാറാക്കാൻ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാല നാളെ (ഏപ്രിൽ 1) തുടങ്ങും

Aswathi Kottiyoor

മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Aswathi Kottiyoor

ലോകായുക്ത നിയമ ഭേദഗതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ല; നടപടി നിയമാനുസൃതം: കോടിയേരി

Aswathi Kottiyoor
WordPress Image Lightbox