കുഞ്ഞ് കരയുമെന്ന് പേടിച്ച് തിയറ്ററിൽ പോകാതിരിക്കേണ്ട. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്‌സിൽ ആരംഭിച്ച ‘ക്രൈ റൂം’ മറ്റ് തിയറ്ററുകളിലേക്കും കെഎസ്‌എഫ്‌ഡിസി വ്യാപിപ്പിക്കുന്നു. ശബ്‌ദം പുറത്തേക്ക് കേൾക്കാത്ത രീതിയിലാണ് ക്രൈറൂമിന്റെ നിർമാണം.
തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കുഞ്ഞിനെ ഉറക്കുമ്പോൾ ക്രൈ റൂമിന് മുന്നിലെ ചില്ലിലൂടെ സിനിമ കാണാം. തൃശൂരിലെ തിയറ്റർ കോംപ്ലക്സിൽ ഈവർഷം സംവിധാനമൊരുക്കും. നിർമാണം ആരംഭിച്ച പയ്യന്നൂർ, ആമ്പല്ലൂർ, കായംകുളം, വൈക്കം എന്നിവിടങ്ങളിലും ഇതുൾപ്പെടെ അത്യന്താധുനിക സൗകര്യമുണ്ടാകും. വൈക്കം ഒഴിച്ച് മറ്റ് മൂന്നിടത്തും നിർമാണം 6-0 ശതമാനവും പൂർത്തിയായി. കിഫ്‌ബി സഹായത്തോടെ 100 കോടി മുടക്കിയാണ് തിയറ്ററുകളുടെ നിർമാണപ്രവർത്തനം. നിലവിൽ ചലച്ചിത്രവികസന കോർപറേഷന് കീഴിൽ 15 തിയറ്ററാണുള്ളത്.
ക്രൈറൂമിന് പുറമേ മുലയൂട്ടൽ കേന്ദ്രം, വയോജനങ്ങൾക്കുള്ള പ്രത്യേകസൗകര്യം എന്നിവയുമുണ്ട്. ശുചിമുറിയിൽപോയാലും സിനിമ മുറിഞ്ഞുപോകില്ല. ശുചിമുറികളിലെ സ്‌പീക്കറുകളിലൂടെ സംഭാഷണം കേൾക്കാം. സാനിറ്ററി പാഡ് വെന്റിങ് മെഷീൻ ഉൾപ്പെടെയുമുണ്ട്.
കോവിഡ് കാലത്തിനുശേഷം ആളുകൾ വരാൻ മടിച്ചത് തിയറ്റർ നവീകരിക്കാൻ കാരണമായെന്ന് കെഎസ്‌എഫ്‌ഡിസി എംഡി എൻ മായ പറഞ്ഞു. യുവജനങ്ങളെ ആകർഷിക്കാൻ സാങ്കേതികമേന്മ വർധിപ്പിച്ചു. തിയറ്ററിനെ സ്‌ത്രീസൗഹൃദമാക്കി. ഇതോടെ കൂടുതൽപേർ എത്തിത്തുടങ്ങി. മികച്ച ശബ്ദവിന്യാസവും ദൃശ്യമികവും ആവശ്യപ്പെടുന്ന അന്യഭാഷ ചിത്രങ്ങൾ കാണാൻ കൂടുതൽപേർ കൈരളിയിലെത്തി. സ്വകാര്യമൾട്ടിപ്ലക്‌സ് തിയറ്ററുമായി മത്സരിച്ചാണ് ഈ അംഗീകാരം.