ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് റവന്യുവകുപ്പ് നിയമിച്ച താല്കാലിക ജീവനക്കാരുടെ സേവനം ആറുമാസത്തേക്കു നീട്ടി ഉത്തരവിറക്കി.
തീർപ്പാക്കാനുള്ള അപേക്ഷകൾ 27 ആർഡിഒകളിലും അവശേഷിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സേവനം നീട്ടുന്നതിനൊപ്പം ഓഫീസ് സൗകര്യങ്ങൾ നിലനിർത്താനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ 17,257 ഓഫ് ലൈൻ അപേക്ഷകളും 1,51,921 ഓണ്‍ലൈൻ അപേക്ഷകളും തീർപ്പാക്കാനുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്.
ഫെബ്രുവരി ആദ്യം 2,12,169 അപേക്ഷകളാണ് നിലവിലുണ്ടായിരുന്നത്. ഇതിൽ 91 ശതമാനം അപേക്ഷകളും തീർപ്പാക്കാനായി.
ആർഡി ഓഫീസുകളിൽ ഒരു ജീനിയർ സൂപ്രണ്ട്, നാല് ക്ലർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവർക്കാണ് താത്കാലിക പുനർനിയമനം നൽകുന്നത്. ജൂനിയർ സൂപ്രണ്ടുമാരെ സെലക്ട് ലിസ്റ്റിൽനിന്നും താത്കാലിക സ്ഥാനക്കയറ്റം നൽകിയാണ് നിയോഗിക്കുന്നത്.
ഫയൽ തീർപ്പാക്കാനുള്ള എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഓഫിസിലെയും നിയമനം. താലൂക്കുകളിൽ ഒരു ക്ലർക്ക്, മൂന്ന് സർവയർ എന്നിവർക്കും നിയമനം നല്‍കും. ഫീൽഡ് പരിശോധനയ്ക്ക് രണ്ടു വില്ലേജുകൾക്ക് ഒരു വാഹനം എന്ന നിലയിൽ ആറ് മാസത്തേക്ക് വാടകയ്ക്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്.