കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും കൃഷിവകുപ്പ് മന്ത്രിയും സംഘവും കൃഷിയിടങ്ങളിലേക്കും കര്‍ഷക ഭവനങ്ങളിലേക്കും സന്ദര്‍ശനം നടത്തി. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കൃഷിദര്‍ശന്‍ പരിപാടിയുടെ ഭാഗമായാണ് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍, കൃഷി വിജ്ഞാന്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘം സന്ദര്‍ശനം നടത്തിയത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചരക്കണ്ടി, വേങ്ങാട്, മുഴപ്പിലങ്ങാട്, ധര്‍മടം, പിണറായി, എരഞ്ഞോളി, തലശ്ശേരി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ 10 കേന്ദ്രങ്ങളില്‍ കര്‍ഷകരുമായി മന്ത്രി സംവദിച്ചു.
ഭൂപ്രകൃതിക്കുണ്ടാകുന്ന പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും വന്യമൃഗ ശല്യവും കര്‍ഷകരെ സാരമായി ബാധിക്കുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും വേനല്‍ക്കാലത്തെ രൂക്ഷമായ വരള്‍ച്ചയും ഉപ്പുവെള്ളം കയറുന്നതും കീട രോഗങ്ങളുടെ അനിയന്ത്രിതമായ ആക്രമണവും പ്രധാന പ്രശ്‌നമായി കര്‍ഷകര്‍ ഉന്നയിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃഷിയിടത്തില്‍ വച്ച് തന്നെ മന്ത്രി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചു. വന്യജീവി ആക്രമത്തില്‍ കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൃഷി വകുപ്പ് മുഖേനെ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇപ്പോള്‍ വനം വകുപ്പാണ് നഷ്ട പരിഹാരം നല്‍കുന്നത്. അതിനു പുറമെയാണിത് . ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി ഉല്‍പ്പാദനം നടത്തണം. എപ്പോഴും പരമ്പരാഗത കൃഷി രീതിയുമായി മാത്രം മുന്നോട്ടുപോകനാവില്ല. വിള ഇന്‍ഷൂറന്‍സിന് കര്‍ഷകര്‍ പരമാവധി അപേക്ഷിക്കണം – മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട വിളവെടുപ്പ് ഏതിനാണോ ലഭിക്കുക അതിനായിരിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. അതിനുള്ള ആസൂത്രണം അതാത് കൃഷിയിടങ്ങളില്‍ തന്നെ തുടങ്ങണം. നാളികേരത്തിന്റെ വിലയിടവ് നിയന്ത്രിക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകും. ആവശ്യമായ സ്ഥലങ്ങളില്‍ നാളികേര സംഭരണ യൂണിറ്റുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ അഞ്ചരക്കണ്ടി പനയത്താംപറമ്പിലെ ഷൈമ മനോജിന്റെ വീട്ടില്‍ നിന്നും തുടങ്ങിയ സന്ദര്‍ശനം വിവിധയിടങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് പിണറായി എരുവട്ടിയിലാണ് സമാപിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷര്‍, അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധയിടങ്ങിലെ സന്ദര്‍ശനങ്ങളില്‍ പങ്കെടുത്തു. നവംബര്‍ 22ന് ആരംഭിച്ച കൃഷിദര്‍ശന്‍ പരിപാടി ശനിയാഴ്ച പിണറായിയില്‍ സമാപിക്കും.