സര്‍ക്കാര്‍ നല്‍കിയ പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് അന്തിമവാദം കേള്‍ക്കും. നിലവില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് നേരത്തെ വാദം കേട്ട സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
നിലവിലെ ചട്ടങ്ങള്‍ പ്രകാരം പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആകില്ലെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാംഗ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സി.കെ. ശശിയാണ് സത്യവാംഗ്മൂലം സമര്‍പ്പിച്ചത്.
കേസില്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ.വി.വിശ്വനാഥന്‍, വി.ഗിരി, അഭിഭാഷകരായ ഇ.എം.എസ്. അനാം, എം.കെ.എസ്. മേനോന്‍, ഉഷ നന്ദിനി, മുഹമ്മദ് സാദിഖ് എന്നിവരാണ് ഹാജരാകുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കായി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ജെയിംസ് പി.തോമസ് എന്നിവര്‍ ഹാജരാകും.
നിലനില്‍ക്കുന്ന ചട്ടപ്രകാരം കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ഭൂമിയുടെ പട്ടയം നല്‍കാന്‍ കഴിയൂ. പട്ടയ ഭൂമിയില്‍ വീട് വയ്ക്കുന്നതിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും മാത്രമാണ് അവകാശം.
എന്നാല്‍ ഖനനം ഉള്‍പ്പടെ ഭൂമിക്ക് താഴെയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് പട്ടയ ഭൂമി കൈമാറാന്‍ 1964 ലെ ചട്ടങ്ങളില്‍ വ്യവസ്ഥ ഇല്ലെന്ന് സത്യവാംഗ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിക്കുന്നവരുടെ പട്ടയം റദ്ദാക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.