കൊട്ടിയൂർ: വനം വകുപ്പ് നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് കൊട്ടിയൂർ പഞ്ചായത്ത് പാസാക്കിയ പ്രമേയത്തിന് എതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. ഒറ്റപ്ലാവ് പ്രദേശത്തെ വനാതിർത്തിയിൽ താമസിക്കുന്നവരാണ് പഞ്ചായത്തിൽ പ്രതിഷേധവമായി എത്തിയത്.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി കൊട്ടിയൂർ പഞ്ചായത്തിൽ തന്നെ ഇല്ലാതാക്കുന്നതാണെന്നും, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഇതുമൂലം ഉണ്ടാകില്ലെന്നും കൊട്ടിയൂർ പഞ്ചായത്ത് പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ആളുകളെ കുടിയൊഴിപ്പിക്കാൻ ഉപയോഗിക്കുന്ന ഫണ്ട് ഉപയോഗിച്ച് പ്രതിരോധ സംവിധാനമാണ് ഒരുക്കേണ്ടതെന്നും പ്രമേയത്തിലുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഒറ്റപ്ലാവിലെ 60 ഓളം കുടുംബങ്ങളാണ് ഇത്തരത്തിൽ സ്വയം സന്നദ്ധത പുനരധിവാസ പദ്ധതിക്കായി വനം വകുപ്പിൽ അപേക്ഷ നൽകിയത്. 4000 കുടുംബങ്ങളുള്ള കൊട്ടിയൂർ പഞ്ചായത്തിൽ ഇതിനോടകം 1200 ഓളം ആളുകൾ അപേക്ഷ നൽകി കഴിഞ്ഞു. പലരും ഇപ്പോൾ തന്നെ വനാതിർത്തിയിലുണ്ടായിരുന്ന നൂറു കണക്കിനാളുകൾ താമസം ടൗണുകളിലേക്ക് മാറ്റി. ചിലർ കൊട്ടിയൂർ പഞ്ചായത്ത് തന്നെ താമസം മാറി. ജീവിക്കാൻ മറ്റു മാർഗമില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.