22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സംരംഭക വര്‍ഷം; 8 മാസത്തിനുള്ളില്‍ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങള്‍
Kerala

സംരംഭക വര്‍ഷം; 8 മാസത്തിനുള്ളില്‍ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങള്‍

എട്ട് മാസങ്ങള്‍ക്കുള്ളില്‍ വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങള്‍. സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് പദ്ധതി കൈവരിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം. 5655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് കടന്നുവന്നതിനൊപ്പം 92000 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.

മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ ഈ രണ്ട് ജില്ലകളില്‍ സൃഷ്ടിക്കപ്പെട്ടു. കൊല്ലം, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പതിനയ്യായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന കാസര്‍ഗോഡ്, ഇടുക്കി, വയനാട് ജില്ലകളില്‍ മാത്രമാണ് പതിനായിരത്തില്‍ കുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

എങ്കിലും പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് ഈ ജില്ലകള്‍ക്കും സാധിച്ചിട്ടുണ്ട്.കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 40622 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ കാലായളവില്‍ സാധിച്ചു. 16129 സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ 963.68 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ഗാര്‍മെന്റ്‌സ് ആന്റ് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ സൃഷ്ടിക്കപ്പെട്ടത് 22312 തൊഴിലവസരങ്ങളാണ്. 10743 സംരംഭങ്ങളും 474 കോടി രൂപയുടെ നിക്ഷേപവും ഈ മേഖലയില്‍ ഉണ്ടായി. ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് മേഖലയില്‍ 7454 തൊഴിലവസരങ്ങളും 4014 സംരംഭങ്ങളും 241 കോടി രൂപയുടെ നിക്ഷേപവും സൃഷ്ടിക്കപ്പെട്ടു. സര്‍വ്വീസ് മേഖലയില്‍ 7048 സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.

428 കോടി രൂപയുടെ നിക്ഷേപവും 16156 തൊഴിലും ഈ മേഖലയില്‍ ഉണ്ടായി. വ്യാപാര മേഖലയിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. 54108 തൊഴിലുകള്‍ നല്‍കുന്നതിനായി 29428 സംരംഭങ്ങളും 1652 കോടിയുടെ നിക്ഷേപവും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വര്‍ഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് സംരംഭക വര്‍ഷത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണല്‍ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്പ് ഡെസ്‌ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്പ് ഡെസ്‌ക്ക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്‌സ് പേഴ്‌സണ്മാരെയും നിയമിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികള്‍ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാന്‍ സഹായിച്ചിട്ടുണ്ട്.

ഒരു വര്‍ഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാള്‍ ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അവശേഷിക്കുന്ന 130 ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ വ്യാവസായിക ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടം സംരംഭക വര്‍ഷത്തിലൂടെ കൈവരിക്കാന്‍ കഴിയുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

Related posts

മാനസികാരോഗ്യ രംഗത്ത് കാലോചിതമായ പരിഷ്‌കരണം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

വിമാനത്തിന്റെ ചിറകിൽ പക്ഷി ഇടിച്ചു ;
 പൈലറ്റിന്റെ ഇടപെടൽ വൻദുരന്തം ഒഴിവാക്കി

Aswathi Kottiyoor

സന്തോഷ് ട്രോഫി : കളംനിറയെ കേരളം ; കർണാടകയെ 7–3ന് തകർത്തു .*

Aswathi Kottiyoor
WordPress Image Lightbox