23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തിലെ കര്‍ഷകന് വെറും 4 രൂപ; തക്കാളി മൊത്തം ഗുജറാത്തിലേക്ക്: അവിടെ 80 രൂപ വരെ
Kerala

കേരളത്തിലെ കര്‍ഷകന് വെറും 4 രൂപ; തക്കാളി മൊത്തം ഗുജറാത്തിലേക്ക്: അവിടെ 80 രൂപ വരെ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പച്ചക്കറി ഉപയേ‍ാഗിക്കുന്ന ശബരിമല സീസണിൽ തക്കാളിക്കു തുടർച്ചയായി വിലയിടിയുന്നതു മൂലം കർഷകർ‌ ബുദ്ധിമുട്ടുമ്പോൾ, ഇടനിലക്കാരുടെ ലോബി അതു വൻ വിലയ്ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെത്തിച്ചു ലാഭം കൊയ്യുന്നു. തമിഴ്നാട്ടിലെയും കർണാടകയി‌ലെയും കേരളത്തിലെയും പ്രധാന തക്കാളി മാർക്കറ്റുകളിൽനിന്ന് വില താഴ്ത്തി നിശ്ചയിച്ചു സംഭരിക്കുന്ന തക്കാളിയാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് വലിയ വിലയിട്ടു മറിച്ചുവിൽക്കുന്നതെന്ന ആരേ‍ാപണം ശക്തമാണ്. വലിയ ലാഭമാണ് ഇതിലൂടെ ലഭിക്കുക.

മഹാരാഷ്ട്രയിലും ഗുജറാത്തിലും ഈ സീസണിൽ തക്കാളി വലിയ‍തേ‍ാതിൽ ആവശ്യമുണ്ട്. അവിടെ കിലേ‍ായ്ക്ക് 80 രൂപ വരെ കിട്ടുമെന്നാണ് വിവരം. ഇവിടെ കർഷകന് കിട്ടുന്നത് രണ്ടു മുതൽ നാലു വരെ രൂപയും. ഒരു ലേ‍ാഡിൽ ലേ‍ാബിക്ക് കിട്ടുന്ന ലാഭം 60,000 രൂപ വരെയാണ്. ഇടനിലക്കാരാണ് കർഷകരിൽനിന്നു സംഭരിച്ച് മിക്കപ്പേ‍ാഴും മാർക്കറ്റിൽ സാധനം എത്തിക്കുക. തുളളിനന കൃഷി വ്യാപകമായതേ‍ാടെ തക്കാളിയുടെ വിളവ് രണ്ടുവർഷം മുൻപുള്ളതിനെക്കാൾ രണ്ടിരട്ടിയായെന്ന് മേഖലയിലുളളവർ പറയുന്നു. വിളവ് കുമിഞ്ഞുകൂടുമ്പേ‍ാൾ ഇടനിലക്കാർ അത് കുറഞ്ഞ വിലയിട്ടാണ് കർഷകരിൽനിന്നു വാങ്ങുന്നത്.

അനങ്ങാതെ അധികൃതർ

വിലക്കുറവു മൂലം കർഷകർ പ്രതിസന്ധി നേരിടുമ്പോൾ അതു പരിഹരിക്കാൻ അധികൃതർ ഇടപെടുന്നില്ല. വിളവ് നേരിട്ട് ആവശ്യക്കാരിലെത്തിക്കാനാവാത്തതാണ് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. കേരളത്തിൽ തക്കാളി ആവശ്യമില്ലാത്തതിനാലല്ല, വിവിധ ജില്ലകളിലെ വിപണികളിൽ കൃത്യമായി എത്തിക്കാൻ കർ‌ഷകർക്കു കഴിയാത്തതുകൊണ്ടാണ് വിലയിടിയുന്നത്. അപ്പോൾ ഇടനിലക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് അവർക്കു കൊടുക്കേണ്ടിവരുന്നു. കൃഷി വകുപ്പിന്റെ വാഹനങ്ങൾ വെറുതെ കിടക്കുന്നുണ്ടെങ്കിലും അവ കർഷകർക്കു വേണ്ടി ഉപയോഗിക്കാൻ അധികൃതർ‌ തയാറാകുന്നില്ല.

കൺസ്യൂമർഫെഡ് അടക്കമുള്ള എത്രയേ‍ാ ഏജൻസികളിലൂടെ തക്കാളി വിറ്റഴിക്കാം. അത് വിൽപനശാലകളിൽ എത്തിച്ചു കൊടുക്കണമെന്നു മാത്രം. കഴിഞ്ഞ വർഷം തക്കാളിക്ക് വിലകൂടിയപ്പേ‍ാൾ കൃഷിവകുപ്പ് ആരംഭിച്ച തക്കാളിവണ്ടികൾ ഇപ്പേ‍ാൾ കാണാനേയില്ല. വിളവെടുപ്പ് സീസണായ ഡിസംബർ മുതൽ ഫെബ്രുവരി വരെ തെക്കൻ ജില്ലകളിലെ വിപണി കാര്യമായി ഉപയോഗിച്ചാൽത്തന്നെ പ്രതിസന്ധിക്ക് ഏറെക്കുറെ പരിഹാരമാകും.

നാൽപതു രൂപയിൽനിന്ന് നാലു രൂപയിലേക്ക്

വേലന്താവളത്തും തമിഴ്നാട്ടിലെ ഒട്ടംഛത്രത്തിലും കിണറ്റിൻകരയിലും ടൺകണക്കിനു തക്കാളിയാണ് കന്നുകാലികളെ തീറ്റിച്ചും പുഴയരികിൽ തള്ളിയും കളയുന്നത്. 100 രൂപയ്ക്ക് ഏഴു കിലേ‍ാ തക്കാളിയെന്നു വിളിച്ചുപറഞ്ഞ് നഗരപ്രദേശങ്ങളിൽ ചെറിയ വണ്ടികൾ ഒ‍ാടുന്നുണ്ട്. ആ വില പേ‍ാലും കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് ഇത്തവണ ദയനീയ സ്ഥിതി.

കേരളത്തിൽ പാലക്കാടു ജില്ലയിലെ ചിറ്റൂർ താലൂക്കിലും അട്ടപ്പാടി പ്രദേശത്തുമാണ് തക്കാളി കൂടുതൽ കൃഷി ചെയ്യുന്നത്. ആപ്പിൾ തക്കാളി തുറസായ സ്ഥലത്ത് ഒരാഴ്ചയിലേറെ കേടു കൂടാതെ സൂക്ഷിക്കാമെന്നരിക്കെ മറ്റിടങ്ങളിൽ എത്തിച്ച് വിൽക്കാനുള്ള സമയവും ലഭിക്കും. ഇപ്പോൾ, പറിച്ചെടുത്ത തക്കാളി വേലന്താവളത്തെ മാർക്കറ്റിൽ വിറ്റ് തിരികെ വീട്ടിലെത്താൻ വണ്ടിക്കൂലിക്കു പൈസ കടം വാങ്ങണമെന്ന സ്ഥിതിയിലാണ് കർഷകർ. ഒരാഴ്ച മുൻപ് കിലോയ്ക്ക് 37 രൂപ മുതൽ 40 രൂപവരെ കിട്ടിയ തക്കാളിക്ക് ഇപ്പേ‍ാൾ വില 4 രൂപ. തമിഴ്നാട്ടിൽ ചിലയിടത്ത് രണ്ടു രൂപയും. മാർക്കറ്റിൽ ലേലം പേ‍ാകാത്ത തക്കാളി വീട്ടിലേക്കു തിരിച്ചുകെ‍ാണ്ടുപേ‍ാകാനും കാശില്ലാതാകുമ്പേ‍ാഴാണ് പലരും അത് വഴിയരികിൽ തളളുന്നത്.

ചിറ്റൂരിലെ വിപണി നിയന്ത്രിക്കുന്നത് സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവിന്റെ അനുയായി ആണെന്നാണ് ആരേ‍ാപണം. നേതാവ് തക്കാളികർഷകരുടെ ദുരിതത്തെക്കുറിച്ചു പ്രസംഗിക്കുമ്പോൾ അനുയായി ഇവിടുത്ത ചെറുകിട കച്ചവടക്കാർക്കു പണം നൽകി കുറഞ്ഞ വിലയ്ക്ക് സാധനം സംഭരിച്ച് ഉത്തരേന്ത്യയിലേക്കു വിടും. ഈ ലേ‍ാബിയെ സർക്കാർ തെ‍ാടില്ല. തെ‍ാട്ടാൽ രാഷ്ട്രീയ നഷ്ടമുണ്ടാകുമെന്നതാണ് കാരണം. ചിറ്റൂരിൽ മറ്റു ചില മാർക്കറ്റുകൾ ആരംഭിച്ചെങ്കിലും ഈ സംഘം അതെല്ലാം പെ‍ാളിച്ചു.

കർഷകർ കെ‍ാണ്ടുവരുന്ന തക്കാളി വിപണിയിൽ മൂന്നായി തരംതിരിക്കും. അതിൽ 14 കിലോഗ്രാമിന്റെ ഒന്നാംതരം തക്കാളിപ്പെട്ടിക്കാണ് 65 മുതൽ 70 രൂപ വരെ വില. രണ്ടും മൂന്നും തരത്തിന് 30 രൂപയിൽ താഴെയും. തക്കാളി പറിക്കുന്ന തൊഴിലാളിക്ക് 250 രൂപയാണ് ദിവസക്കൂലി. ഒരുദിവസം പരമാവധി 15 പെട്ടി തക്കാളി പറിക്കും. അത് വിപണിയിലെത്തിക്കാൻ പെട്ടിക്ക് 18 രൂപയാണ് വണ്ടിവാടക. കച്ചവടം നടന്നാൽ 10 രൂപയ്ക്ക് 1 രൂപ നിരക്കിൽ ചന്തക്കാർക്കു കമ്മിഷനും നൽകണം കർഷകർ. 60 രൂപയ്ക്ക് ലേലം ചെയ്യുന്ന തക്കാളിപ്പെട്ടി വേലന്താവളത്തെ വിപണിയിലെത്തിക്കാൻ കർഷകനു ചെലവ് 45 രൂപയാണ്. എല്ലാ ചെലവും കഴിഞ്ഞ് ഒരു കിലോഗ്രാം തക്കാളിക്ക് കർഷകനു കിട്ടുക ഏതാണ്ട് ഒന്നര രൂപ.

മൂന്നാംതരം തക്കാളി എടുക്കാൻപോലും ഇവിടെ ആളില്ല. എന്നാൽ, അതു വിലപേശി വാങ്ങി നഗരങ്ങളിൽ വിൽക്കുമ്പേ‍ാൾ കിലോയ്ക്ക് 50 രൂപ വരെയാണ് വിലയിടുക. ഒരേക്കറിൽ തക്കാളി കൃഷിയിറക്കാൻ വിത്ത്, വളം, പന്തൽ കൂലിച്ചെലവ് എന്നിവ ഉൾപ്പെടെ ഒരുലക്ഷം രൂപയോളം വേണ്ടിവരും. വിളവ് മോശമാകാതിരുന്നാൽ ശരാശരി 25 പെട്ടി തക്കാളി ലഭിക്കും. ഇപ്പേ‍ാഴത്തെ സ്ഥിതിയിൽ പണിക്കൂലിയും കടത്തുകൂലിയും കമ്മിഷനുമെ‍ാക്കെ കഴിച്ചാൽ ഒരേക്കറിൽനിന്ന് കർഷകന് 300 രൂപ പേ‍ാലും കിട്ടാത്ത സ്ഥിതിയുണ്ട്.

കർണാടകത്തിൽ കുടക് ജില്ലയിലാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ തക്കാളി കൃഷി ചെയ്യുന്നത്. ഇവിടെ ഒരു വർഷം നാലുതവണ വരെ വിളവെടുക്കുന്ന രീതിയിലാണ് കൃഷി. വിത്തിട്ടു വിളവെടുക്കാൻ 160 ദിവസം മതി. ഒരു സീസൺ വിളവെടുപ്പ് പൂർത്തിയായി, പിന്നീട് തൈകൾ മുളപ്പിച്ച് കൃഷി ചെയ്യുമ്പേ‍ാഴുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ലാബിൽ തൈകൾ ഉണ്ടാക്കുന്ന സംവിധാനം വരെ ഇവിടെയുണ്ട്. ഷിമോഗയിലും കൃഷ്ണഗിരിയിലും കൃഷി വ്യാപകമാണ്. പൂർണമായും വിപണിയെ ലക്ഷ്യമാക്കിയാണ് ഇവിടങ്ങളിലെ ഉൽപാദനം.

കഴിഞ്ഞവർഷം ഇതേ സീസണിൽ തീവിലയാണ് തക്കാളിയെ താരമാക്കിയത്. അന്ന് കിലേ‍ാഗ്രാമിന് 150 രൂപ വരെ എത്തി വില. എന്നാൽ കൃഷിക്കാരനു കിട്ടിയ വരുമാനം തുച്ഛ‌മായിരുന്നു. കനത്ത മഴയിൽ തക്കാളിത്തോട്ടങ്ങളിൽ മിക്കതും തണ്ടുചീഞ്ഞും കീടബാധ കെ‍ാണ്ടും നശിച്ചതേ‍ാടെ വിളവ് കാൽഭാഗമായി കുറഞ്ഞതായിരുന്നു വിലക്കയറ്റത്തിനു കാരണം. ചില്ലറവിപണിയിലെ തക്കാളിവില കേട്ടു തലയിൽ കൈവച്ചവരെ‍ാന്നും പക്ഷേ യാഥാർഥ്യം മനസ്സിലാക്കിയില്ല.

ഒരേക്കർ തക്കാളി കൃഷി ചെയ്ത കർഷകന് സാധാരണ കിട്ടേണ്ട 250 കിലേ‍ായ്ക്കു പകരം കിട്ടിയത് 30 കിലോയാണ്. ഒരേക്കറിൽ മുടക്കിയ പണവും അധ്വാനവുമായി തട്ടിച്ചുനോ‍ാക്കുമ്പേ‍ാൾ കനത്ത നഷ്ടം. ഇത്തവണ വിളവു മികച്ചതായപ്പേ‍ാൾ പക്ഷേ വിലയിടിവ്. രണ്ടായാലും കർഷകന്റെ നില ദുരിതത്തിൽത്തന്നെയാണ്.

Related posts

ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് മുന്നറിയിപ്പ്; ചികിത്സ തേടണം.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവ്.

Aswathi Kottiyoor

ദ്വിദിന ദേശീയ പണിമുടക്കിന്‌ തുടക്കം ; അഞ്ഞൂറോളം സമരകേന്ദ്രത്തിൽ പ്രകടനം

Aswathi Kottiyoor
WordPress Image Lightbox